‘ദേവപൂജ കഴിയുന്നത് വരെ പൂജാരി ആരെയും സ്പർശിക്കാറില്ല; ജാതി വിവേചനം നേരിട്ടെന്ന മന്ത്രിയുടെ വെളിപ്പെടുത്തൽ തെറ്റിദ്ധാരണ മൂലമെന്ന് അഖില കേരള തന്ത്രി സമാജം

ക്ഷേത്രത്തിലെ ചടങ്ങിനിടെ ജാതി വിവേചനം നേരിട്ടെന്ന മന്ത്രി കെ. രാധാകൃഷ്ണന്റെ വെളിപ്പെടുത്തലിൽ വിശദീകരണവുമായി അഖില കേരള തന്ത്രി സമാജം. മന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണ മൂലമാണ്.ക്ഷേത്ര പൂജാരിമാർ ക്ഷേത്രത്തിലെത്തുന്ന ഭക്തരെ ജാതി നോക്കിയല്ല സ്വീകരിക്കുന്നത്.പൂജാരി ദേവപൂജ കഴിയുന്നതുവരെ ആരെയും സ്പർശിക്കാറില്ല. അതിൽ ബ്രാഹ്മണൻ എന്നോ അബ്രാഹ്മണൻ എന്നോ ഇല്ലെന്നും അഖില കേരള തന്ത്രി സമാജം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ഇപ്പോൾ വിവാദമായ ക്ഷേത്രത്തിലും സംഭവിച്ചത് ഇത് തന്നെയാണ്. മേൽശാന്തി പൂജക്കിടെയാണ് വിളക്ക് കൊളുത്താനായി ക്ഷേത്ര മുറ്റത്തേക്ക് വന്നത്. വിളക്ക് കൊളുത്തിയ ഉടൻ അദ്ദേഹം പൂജക്കായി മടങ്ങിപ്പോകുകയും ചെയ്തു. അദ്ദേഹം ചെയ്തത് ഒരിക്കലും ആചാരത്തിന്റെ ഭാഗമായിട്ടല്ലെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.

വിവാദങ്ങൾക്ക് പിന്നിൽ ദുഷ്ടലാക്കുണ്ടോയെന്ന് സംശയിക്കുന്നതായും അഖില കേരള തന്ത്രി സമാജം ആരോപിച്ചു. യാഥാർഥ്യം ഇതാണെന്നിരിക്കെ മന്ത്രി നടത്തിയ പ്രസ്താവനയെ മുൻനിർത്തി ജാതി,വർണ്ണദ്വേഷം ആരോപിക്കുകയും ക്ഷേത്ര മേൽശാന്തിയേയും അദ്ദേഹം ഉൾപ്പെടുന്ന സമുദായത്തേയും ഒന്നടങ്കം അപമാനിക്കുകയുമാണ് ചിലർ ചെയ്യുന്നതെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും കേരള തന്ത്രി സമാജം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *