ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റ്; കലാശപ്പോരിൽ ഇന്ത്യ ശ്രീലങ്കയെ നേരിടും

ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യ ശ്രീലങ്കയെ നേരിടും. ഇന്ത്യൻ സമയം പകൽ 11.30ന് ഹാങ്ഷൂവിലാണ് മത്സരം. ഇതോടെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ വെള്ളി അല്ലെങ്കിൽ സ്വർണ മെഡൽ കൂടി ഉറപ്പിച്ചു. ഇന്ന് രാവിലെ നടന്ന ലൂസേഴ്‌സ് ഫൈനലിൽ പാകിസ്താനെ അഞ്ച് വിക്കറ്റിനു വീഴ്ത്തി ബംഗ്ലാദേശ് വെങ്കലം നേടിയിരുന്നു. സെമിയിൽ ബംഗ്ലാദേശിനെ 8 വിക്കറ്റിനു മറികടന്നാണ് ഇന്ത്യ ഫൈനലിലെത്തിയത്. മറ്റൊരു സെമിയിൽ ശ്രീലങ്ക പാകിസ്താനെ 6 വിക്കറ്റിനു തോല്പിച്ചു.

ഷഫാലി വർമ, ജെമിമ റോഡ്രിഗസ് എന്നിവരുടെ തകർപ്പൻ ഫോമാണ് ഇന്ത്യയുടെ കരുത്ത്. സ്മൃതി മന്ദന കഴിഞ്ഞ രണ്ട് കളിയിലും നിരാശപ്പെടുത്തി. സ്മൃതി കൂടി ഫോമിലെത്തിയാൽ ഇന്ത്യൻ ബാറ്റിംഗ് കൂടുതൽ കരുത്തുറ്റതാവും. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ഇന്ന് കളിക്കും. ബംഗ്ലാദേശിനെതിരായ സെമിയിൽ 4 വിക്കറ്റ് വീഴ്ത്തിയ പൂജ വസ്ട്രാക്കർ തന്നെയാണ് ഇന്ത്യൻ ബൗളിംഗിലെ ശ്രദ്ധാകേന്ദ്രം. മലയാളി താരം മിന്നു മണി സെമി കളിച്ചിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *