ഏഷ്യൻ ഗെയിംസ്; അശ്വാഭ്യാസത്തിൽ ചരിത്ര സ്വർണ നേട്ടവുമായി ടീം ഇന്ത്യ

ഏഷ്യന്‍ ഗെയിംസ് അശ്വാഭ്യാസം ഡ്രസ്സേജ് ഇനത്തില്‍ ചരിത്ര സ്വര്‍ണം നേടി ടീം ഇന്ത്യ .ഹൃദയ് ഛദ്ദ, ദിവ്യകൃതി സിങ്, അനുഷ് അഗര്‍വാല, സുദീപ്തി ഹജേല എന്നിവരടങ്ങിയ മിക്സഡ് ടീമാണ് അശ്വാഭ്യാസത്തില്‍ സ്വര്‍ണം നേടി ചരിത്രം കുറിച്ചത്. 41 വര്‍ഷത്തിനുശേഷമാണ് അശ്വാഭ്യാസത്തില്‍ ഇന്ത്യ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം നേടുന്നത്. ടീം ഇനത്തില്‍ 209.205 പോയന്‍റ് നേടിയാണ് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയത്. 204.88 പോയന്‍റ് നേടിയ ചൈന വെള്ളിയും 204.852 പോയന്‍റ് നേടിയ ഹോങ്‌കോംഗ് വെങ്കലവും നേടി. ഹാങ്ചൗ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ മൂന്നാം സ്വര്‍ണമാണിത്.

നേരത്തെ ഏഷ്യൻ ഗെയിംസിന്‍റെ നാലാം ദിനം സെയിലിംഗ് താരം നേഹ താക്കൂർ ആണ് ഇന്ത്യയുടെ ആദ്യ മെഡൽ സ്വന്തമാക്കിയത്. വനിതകളുടെ ഡിൻഗി 4 വിഭാഗത്തിലാണ് നേഹയുടെ നേട്ടം. 27 പോയന്‍റുമായാണ് നേഹ രണ്ടാം സ്ഥാനത്ത് എത്തിയത്. ഗെയിംസിൽ ഇന്ത്യയുടെ നാലാമത്തെ വെള്ളിമെഡലാണിത്. സെയിലിംഗ് പുരുഷ വിഭാഗത്തിൽ ഇബാദ് അലിയും വിഷ്ണു ശരവണനും വെങ്കലം സ്വന്തമാക്കി. ഇതോടെ ഇന്ത്യക്ക് മൂന്ന് സ്വർണം ഉൾപ്പടെ ആകെ 15 മെഡലായി.

പുരുഷൻമാരുടെ 4X100 മെഡ്‌ലെ റിലേയിൽ മലയാളിതാരങ്ങളായ സജൻ പ്രകാശും ടാനിഷ് മാത്യുവും ഉൾപ്പെട്ട ടീം ഫൈനലിലേക്ക് യോഗ്യത നേടി. ഹീറ്റ്സിൽ രണ്ടാം സ്ഥാനത്തോടെയാണ് ഇന്ത്യൻ ടീമിന്‍റെ മുന്നേറ്റം. വൈകിട്ട് ആറരയ്ക്കാണ് ഫൈനൽ. വനിതകളുടെ ഫെൻസിംഗിൽ ഭവാനി ദേവി ക്വാർട്ടർ ഫൈനലിൽ പുറത്തായി. 

Leave a Reply

Your email address will not be published. Required fields are marked *