മികച്ച ടൂറിസം വില്ലേജ് വിഭാഗത്തില്‍ ഗോൾഡ് അവാർഡ് നേടി കാന്തല്ലൂര്‍ ; അഭിമാന നേട്ടമെന്ന് മുഖ്യമന്ത്രി

ലോക വിനോദ സഞ്ചാര ദിനമാണ് ഇന്ന്. കേരളത്തിലെ ടൂറിസം മേഖലക്ക് ഇന്ന് അഭിമാനകരമായ ദിനമാണ്. കേന്ദ്ര സര്‍ക്കാരിന്‍റെ മികച്ച ടൂറിസം വില്ലേജ് വിഭാഗത്തില്‍ കേരളത്തിലെ കാന്തല്ലൂര്‍ ഗോള്‍ഡ് അവാര്‍ഡ് നേടിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ടൂറിസം വളര്‍ച്ചക്ക് വേണ്ടി ജനപങ്കാളിത്തത്തോടെ പദ്ധതികള്‍ നടപ്പാക്കിയതിനാണ് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. സ്ട്രീറ്റ് പദ്ധതിയിലൂടെ ഉത്തരവാദിത്ത ടൂറിസം മിഷനും പഞ്ചായത്തും ചേര്‍ന്ന് വ്യത്യസ്തമായ പദ്ധതികള്‍ ആണ് നടപ്പാക്കിയത്. ഗ്രീന്‍ ടൂറിസം സര്‍ക്യൂട്ട് തന്നെ അവിടെ രൂപപ്പെടുത്തി. ടൂറിസം പദ്ധതികള്‍ക്കായി പഞ്ചായത്ത് പ്രത്യേക പദ്ധതി വിഹിതം തന്നെ മാറ്റിവച്ചു. സ്ത്രീ സൗഹാര്‍ദ വിനോദ സഞ്ചാര പദ്ധതികള്‍ നടപ്പാക്കിയതും കാന്തല്ലൂര്‍ ടൂറിസം പദ്ധതിയെ ശ്രദ്ധേയമാക്കി. ടൂറിസം മേഖലയില്‍ ജനപങ്കാളിത്തത്തോടെ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്ന കേരള മാതൃകക്ക് ലഭിച്ച അംഗീകാരം കൂടിയാണ് ഇത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

സംസ്ഥാനത്തിന് ഈ കാലയളവില്‍ ലഭിച്ച ചില അംഗീകാരങ്ങളും സൂചിപ്പിക്കേണ്ടതുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യചികിത്സ നല്‍കിയ സംസ്ഥാനത്തിനുള്ള 2023ലെ ആരോഗ്യമന്ഥന്‍ പുരസ്കാരം കേരളത്തിനാണ് ലഭിച്ചത്. അതോടൊപ്പം കാഴ്ച പരിമിതര്‍ക്കായി സജ്ജമാക്കിയ സേവനത്തിന് പ്രത്യേക പുരസ്കാരവും നമ്മുടെ സംസ്ഥാനത്തിന് ലഭിച്ചു. സംസ്ഥാനത്തിന്‍റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയാണ് (കാസ്പ്) ഏറ്റവും ഉയര്‍ന്ന സ്കീം വിനിയോഗത്തിനുള്ള മികച്ച പ്രകടനം കാഴ്ചവച്ചത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനം എന്ന വിഭാഗത്തില്‍ തുടര്‍ച്ചയായി ഇത് മൂന്നാം തവണയാണ് പുരസ്കാരം ലഭിക്കുന്നത്.

സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ കൊണ്ട് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഉള്‍പ്പെടെയുള്ള പദ്ധതികളിലൂടെ 3200 കോടിയിലധികം രൂപയുടെ സൗജന്യ ചികിത്സ നല്‍കാനായി.എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ എന്ന സര്‍ക്കാര്‍ നയം വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടു കൊണ്ടുപോവുകയാണ്. സാമ്പത്തിക പ്രയാസം നേരിടുന്ന രോഗികളുടെ ചികിത്സ ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പരിശ്രമങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള അംഗീകാരം കൂടിയാണ് ഈ പുരസ്കാരമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *