ഡൽഹിയിൽ മലയാളി വ്യവസായിയെ കൊന്ന് പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കി

ഡൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. പത്തനംതിട്ട തിരുവല്ല സ്വദേശിയും എസ്.എൻ.ഡി.പി ദ്വാരക ശാഖ സെക്രട്ടറിമായ മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി. സുജാതൻ (60) ആണ് കൊല്ലപ്പെട്ടത്.

ദ്വാരകയിൽ തിരുപ്പതി പബ്ലിക് സ്കൂളിനു സമീപമായിരുന്നു സുജാതൻ താമസിച്ചിരുന്നത്. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ ബിസിനസ് ആവശ്യത്തിന് ജയ്പുരിലേക്ക് പോകാൻ വീട്ടിൽ നിന്ന് ഇറങ്ങിയതാരുന്നു. പ്രഭാത സവാരിക്കിറങ്ങിയവരാണ് വീടിന് സമീപമുള്ള പാർക്കിൽ മൃതദേഹം കണ്ടത്. ചോരയിൽ കുളിച്ച നിലയിലുള്ള മൃതദേഹത്തിൽ കഴുത്തിലും കയ്യിലും ഉൾപ്പെടെ ഒട്ടേറെ മുറിവുകളുണ്ടായിരുന്നു.

പഴ്സും മൊബൈൽ ഫോണും നഷ്ടപ്പെട്ടിട്ടുണ്ട്. മൃതദേഹത്തിൽ ഒട്ടേറെ മുറിവുകൾ കണ്ടെത്തിയതായും സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മരത്തിൽ കെട്ടിത്തൂക്കിയതെന്നും പൊലീസ് അറിയിച്ചു. കൊലപാതകം കവർച്ച ലക്ഷ്യമിട്ടാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഡൽഹി പൊലീസ് ക്രൈംബ്രാഞ്ചാണ് സംഭവം അന്വേഷിക്കുന്നത്.

ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്കു മാറ്റിയ മൃതദേഹം ശനിയോ ഞായറോ പോസ്റ്റ്മോർട്ടം ചെയ്യും. 40 വർഷമായി ഡൽഹിയിൽ താമസിക്കുന്ന സുജാതൻ മുമ്പ് ഹോട്ടൽ നടത്തിയിരുന്നു. പിന്നീടാണ് അടുക്കള ഉപകരണങ്ങളുടെ ബിസിനസിലേക്ക് മാറിയത്. ഭാര്യ: പ്രീതി. മക്കൾ: ശാന്തിപ്രിയ, അമൽ (കോളജ് വിദ്യാർഥി).

Leave a Reply

Your email address will not be published. Required fields are marked *