വന്ദേഭാരതിന് വേഗത്തില്‍ ഓടാൻ 336 വളവു മാറ്റുന്നു

വന്ദേഭാരതിന് തിരുവനന്തപുരത്തുനിന്ന് കാസര്‍കോട് വരെ ശരിയായി ഓടിയെത്താൻ 336 വളവുകള്‍ ഒഴിവാക്കണം. അതിനായി റെയില്‍വേ കരാര്‍ കൊടുത്തു. എട്ടുമാസത്തിനുള്ളില്‍ ഇതില്‍ ഭൂരിഭാഗം വളവുകളും നിവര്‍ത്തും. ഇതിനായി ഭൂമി ഏറ്റെടുക്കേണ്ട ആവശ്യമില്ല. ചെലവ് 381കോടി. പണി ഉടൻ തുടങ്ങും.

പണി പൂര്‍ത്തിയായാല്‍ തിരുവനന്തപുരത്തുനിന്ന് എറണാകുളം വരെ 110കിലോമീറ്റര്‍ വേഗത്തിലും എറണാകുളത്തുനിന്ന് ഷൊര്‍ണ്ണൂര്‍ വരെ 90കിലോമീറ്ററിലും ഷൊര്‍ണ്ണൂരില്‍ നിന്ന് കാസര്‍കോട്ടേക്ക് 130കിലോമീറ്റര്‍ സ്പീഡിലും വന്ദേഭാരത് കുതിക്കും. ഇതനുസരിച്ച്‌ ടൈംടേബിളും പരിഷ്കരിക്കും. നിലവില്‍ തിരുവനന്തപുരത്തുനിന്ന് കോട്ടയം വഴി എറണാകുളത്തേക്ക് മണിക്കൂറില്‍ 70 കിലോമീറ്ററും ആലപ്പുഴ വഴി 80കിലോമീറ്ററും വേഗതയിലും എറണാകുളത്തുനിന്ന് ഷൊര്‍ണ്ണൂരിലേക്ക് 70കിലോമീറ്ററും ഷൊര്‍ണ്ണൂരില്‍ നിന്ന് കാസര്‍കോട്ടേക്ക് 110കിലോമീറ്ററുമാണ് വന്ദേഭാരതിന്റെ വേഗത. മണിക്കൂറില്‍ 160കിലോമീറ്റര്‍ വരെ വേഗത്തില്‍ ഓടിക്കാനാകുന്ന ട്രെയിനാണിത്. ഇത്രയും കുറഞ്ഞ വേഗത്തില്‍ പോയിട്ടും കേരളത്തില്‍ വന്ദേഭാരതിന് വൻഡിമാൻഡാണ്. കൂടുതല്‍ വേഗത്തിലോടിക്കാനായാല്‍ ഡിമാൻഡ് ഇതിലുമേറും. വന്ദേഭാതതിന്റെ സ്ളീപ്പര്‍ കോച്ചുവരെ കേരളത്തില്‍ എത്തിക്കാനാകുമെന്നാണ് റെയില്‍വേയുടെ പ്രതീക്ഷ.

വേഗത കൂട്ടാൻ തിരുവനന്തപുരത്തുനിന്ന് എറണാകുളം വരെ റെയില്‍വേ ട്രാക്കിലെ 86 വളവുകള്‍ നിവര്‍ത്തേണ്ടിവരുമെന്നാണ് റെയില്‍വേ റിപ്പോര്‍ട്ട്. ഇതിന് അധികഭൂമി ഏറ്റെടുക്കേണ്ട. അതിനാല്‍ ഒരുതരത്തിലുള്ള അനുമതിയും ആരോടും വാങ്ങേണ്ടതുമില്ല. റെയില്‍വേ ഭൂമിയില്‍ വളവ് നിവര്‍ത്താൻ റെയില്‍വേ തന്നെ വിചാരിച്ചാല്‍ മതി.മെഷീനുകള്‍ ഉപയോഗിച്ച്‌ വളവ് നിവര്‍ത്താനാണ് ടെൻഡര്‍ ക്ഷണിച്ചിരിക്കുന്നത്. ഇതിനുശേഷം ഭൂമി ഏറ്റെടുത്ത് വളവ് നിവര്‍ത്തേണ്ട ചിലയിടങ്ങളുണ്ട്. അതിന് ശ്രമം തുടങ്ങും.അതുകൂടി പൂര്‍ത്തിയായാല്‍ തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് ഒന്നര മണിക്കൂറില്‍ വന്ദേഭാരത് ഓടിയെത്തും.

Leave a Reply

Your email address will not be published. Required fields are marked *