താൻ പലസ്തീനൊപ്പമെന്ന് മുൻ മന്ത്രി കെ.കെ ശൈലജ; യുദ്ധത്തടവുകാരെ വെച്ച് വിലപേശുന്ന ഹമാസ് നിലപാടിനോട് യോജിപ്പില്ലെന്നും കെ.കെ ശൈലജ

ഇസ്രയേല്‍-പലസ്തീന്‍ വിഷയത്തില്‍ വീണ്ടും നിലപാട് വ്യക്തമാക്കി മുന്‍ മന്ത്രി കെ.കെ. ശൈലജ. താന്‍ പലസ്തീനൊപ്പമാണെന്നും അവര്‍ക്ക് അവരുടെ രാജ്യം വേണമെന്നും ശൈലജയെന്ന കമ്യൂണിസ്റ്റുകാരിയുടെ നിലപാടില്‍ ജനങ്ങള്‍ക്ക് സംശയമുണ്ടാകില്ലെന്നും കെ.കെ. ശൈലജ വ്യക്തമാക്കി. എന്നാൽ ഹമാസ് യുദ്ധതടവുകാരെ വെച്ച് വില പേശുന്നത് ശരിയല്ല. സാധാരണക്കാരായ സ്ത്രീകളും കുട്ടികളും എന്ത് പിഴച്ചു?. എന്നാല്‍, ഇസ്രായേൽ ക്രൂരത ചെയ്തല്ലോ, അതുകൊണ്ട് ഹമാസ് ചെയ്താലും കുഴപ്പമില്ല എന്ന് പറയുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും കെ.കെ. ശൈലജ പറഞ്ഞു. മനുഷ്യത്വമുള്ള ആർക്കും അംഗീകരിക്കാൻ കഴിയില്ല. ഇരുഭാഗത്തുമുള്ള ക്രൂരത അവസാനിപ്പിക്കണമെന്നും കെ.കെ ശൈലജ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം ഈ വിഷയത്തിലെ കെ കെ ശൈലജയുടെ പ്രതികരണത്തിനെതിരെ ഒരു വിഭാഗം കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ഫേയ്സ്ബുക്ക് പോസ്റ്റില്‍ ഹമാസിനെ ഭീകരര്‍ എന്ന് പറഞ്ഞതിനെതിരെയാണ് വിമര്‍ശനം ഉയര്‍ന്നിരുന്നത്. ഫേയ്സ്ബുക്ക് പോസ്റ്റ് വിവാദമായതോടെ നേരത്തെ തന്നെ ഇക്കാര്യത്തില്‍ കെ.കെ. ശൈലജ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍, ഇസ്രയേല്‍ -പലസ്തീന്‍ വിഷയത്തില്‍ താന്‍ പലസ്തീനൊപ്പമാണെന്ന് വ്യക്തമാക്കികൊണ്ടാണ് ഇക്കാര്യത്തില്‍ വീണ്ടും കെ.കെ. ശൈലജ നിലപാട് തുറന്നുപറഞ്ഞത്. ഫേയ്സ്ബുക്ക് പോസ്റ്റിലും അവര്‍ വിശദീകരണം നല്‍കി. തനിക്കെതിരെ പ്രചാരണം നടത്തിയത് പോസ്റ്റ് മുഴുവന്‍ വായിക്കാതെയാണെന്നും ഫേയ്സ്ബുക്ക് പോസ്റ്റ് ഡീലിറ്റ് ചെയ്തിട്ടില്ലെന്നും ഇനിയും ആര്‍ക്കുവേണമെങ്കിലും വായിച്ചുനോക്കാമെന്നും കെ.കെ. ശൈലജ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *