അവധി ദിനങ്ങളില്‍ താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം നടപ്പാക്കാനൊരുങ്ങി കോഴിക്കോട് ജില്ലാ ഭരണകൂടം.

നവരാത്രി അവധിയോടനുബന്ധിച്ച്‌ ചുരത്തിലുണ്ടായ തിരക്കില്‍ വലിയ ഗതാഗതകുരുക്കാണ് ഉണ്ടായത്. അവധി ദിവസങ്ങളില്‍ താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്താനാണ് തീരുമാനം. ഭാരമേറിയ വലിയ വാഹനങ്ങള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അവധി ദിനങ്ങളില്‍ വൈകിട്ട് മൂന്ന് മുതല്‍ രാത്രി ഒമ്ബതുവരെ ഭാരമേറിയ ചരക്ക് വാഹനങ്ങള്‍ അനുവദിക്കില്ല. ആറു ചക്രത്തില്‍ കൂടുതലുള്ള ടിപ്പര്‍ ലോറികള്‍, പത്ത് ചക്രത്തില്‍ കൂടുതലുള്ള ചരക്ക് വാഹനങ്ങള്‍ ഉള്‍പ്പെടെ വലിയ വാഹനങ്ങള്‍ക്കാണ് വൈകിട്ട് മൂന്ന് മുതല്‍ രാത്രി ഒമ്ബതുവരെ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചുരത്തില്‍ വാഹനങ്ങളുടെ പാര്‍ക്കിങിനും വിലക്കുണ്ട്. അനധികൃതമായി പാര്‍ക്ക് ചെയ്യുന്നവരില്‍നിന്ന് പിഴ ഈടാക്കും. നേരത്തെ പലതവണ ഭാരമേറിയ വാഹനങ്ങള്‍ക്ക് താമരശ്ശേരി ചുരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും പിന്നീട് നടപ്പാക്കാന്‍ കഴിഞ്ഞിരുന്നില്ല.

ഇന്ന് രാവിലെ താമരശ്ശേരി ചുരം എട്ടാം വളവില്‍ ബസ്സപകടം ഉണ്ടായി. എട്ടാം വളവില്‍ രണ്ട് കെ എസ് ആര്‍ ടി സി ബസുകള്‍ കൂട്ടിയിടിച്ചു. പിന്നീട് ഗതാഗത തടസ്സം ഒഴിവാക്കുന്നതിനായി ബസുകള്‍ റോഡിന് വശത്തേക്ക് മാറ്റിയിട്ടു. തുടര്‍ന്ന് അപകടത്തില്‍പ്പെട്ട ബസുകളിലൊന്ന് ഗാരേജിലേക്ക് മാറ്റുന്നതിനായി പുറപ്പെട്ടയുടന്‍ എയര്‍ പൈപ്പ് പൊട്ടി മതിലിലിടിച്ചു. തുടര്‍ന്ന് ചുരത്തിലൂടെ ഭാഗികമായി മാത്രമേ മറ്റു വാഹനങ്ങള്‍ക്ക് പോകാന്‍ കഴിഞ്ഞിരുന്നുള്ളൂ. 

Leave a Reply

Your email address will not be published. Required fields are marked *