ആയുഷ് സമ്മേളനം ജനുവരിയിൽ; ദുബൈ വേൾഡ് ട്രേഡ് സെന്ററാണ് വേദി

രണ്ടാമത് അന്താരാഷ്ട്ര ആയുഷ് സമ്മേളനവും പ്രദര്‍ശനവും ജനുവരിയിൽ ദുബൈയിൽ നടക്കും. ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ്കുമാർ ശിവനാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. ആയുര്‍വേദം, യുനാനി, ഹോമിയോപ്പതി, സിദ്ധ പ്രകൃതി ചികിത്സ തുടങ്ങിയ മേഖലകളില്‍ നിന്നുള്ള 1200 ലേറെ പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. കേന്ദ്ര ആയുഷ് മന്ത്രാലയം, ദുബൈ കോൺസുലേറ്റ് എന്നിവയുടെ പിന്തുണയോടെ സയൻസ് ഇന്ത്യ ഫോറമാണ് രണ്ടാമത് ആയുഷ് കോൺഫ്രൻസ് സംഘടിപ്പിക്കുന്നത്. ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ അടുത്തവർഷം ജനുവരി 13 മുതൽ 15 വരെയാണ് സമ്മേളനം.

മാറാരോഗങ്ങള്‍ക്ക് ആയുഷിലൂടെ പ്രതിരോധം എന്നതാണ് പ്രമേയം. 35 ലേറെ രാജ്യങ്ങളില്‍ നിന്നുള്ള 1200 ലേറെ പ്രതിനിധികള്‍ പങ്കെടുക്കും. ആയുര്‍വേദം, യുനാനി, ഹോമിയോപ്പതി, പ്രകൃതിചികിത്സ തുടങ്ങിയ മേഖലകളില്‍ നിന്നുള്ള വിദഗ്ധരുടെ 74 പ്രത്യേക പ്രഭാഷണങ്ങളുണ്ടാകും. ഇന്ത്യ, യു.എസ്.എ, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള ആയുഷ് വിദഗ്ധരെത്തും. പ്രവേശനം സൗജന്യമായിരിക്കും. 2017 ലാണ് ആദ്യത്തെ ആയുഷ് സമ്മേളനം ദുബൈയിൽ നടന്നത്. സയന്‍സ് ഇന്ത്യാ ഫോറം രക്ഷാധികാരി സിദ്ധാര്‍ത്ഥ് ബാലചന്ദ്രന്‍, ദുബായ് യൂണിവേഴ്‌സിറ്റി സി.ഇ.ഒയുമായ ഡോ.ഈസ ബസ്തകി, വിജ്ഞാന്‍ ഭാരതി ദേശീയ സെക്രട്ടറി പ്രവീണ്‍ രാംദാസ്, സയന്‍സ് ഇന്ത്യ ഫോറം പ്രസിഡന്റ് ഡോ.സതീഷ് കൃഷ്ണന്‍, സംഘാടക സമിതി ഉപാധ്യക്ഷ ഡോ.ശ്രീലേഖാ വിനോദ് തുടങ്ങിയവര്‍ വാർത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *