പാലാ പൊലീസ് മർദ്ദനം: മര്‍ദ്ദനത്തില്‍ നട്ടെല്ല് പൊട്ടിയതായി പരാതി

പോലീസ് മര്‍ദ്ദനത്തില്‍ 17കാരൻ പെരുമ്പാവൂര്‍ സ്വദേശി പാര്‍ഥിപിന് നട്ടെല്ലിന് പൊട്ടലേറ്റതായി പരാതി.സംഭവത്തിൽ പോലീസിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ബന്ധുക്കൾ. പാലാ സ്‌റ്റേഷനിലെ രണ്ട് പോലീസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് പാര്‍ഥിപ് പറയുന്നത്. വിഷയം പുറത്ത് പറഞ്ഞാല്‍ മറ്റ് കേസുകളിൽ കുടുക്കുമെന്ന് പോലീസുകാര്‍ ഭീഷണിപ്പെടുത്തിയതായും ചികിത്സയിലുള്ള പാര്‍ഥിപ് ആരോപിച്ചു.

ഞായറാഴ്ചയാണ് സംഭവം. പോലീസ് കൈ കാണിച്ചപ്പോള്‍ വണ്ടി നിര്‍ത്തിയില്ലെന്ന് പറഞ്ഞാണ് അവര്‍ തന്നെ പിന്തുടര്‍ന്ന് പിടികൂടിയതെന്നും കൈയിലുള്ള സാധനം എവിടെയെന്നും ചോദിച്ച് സ്‌റ്റേഷനിലെത്തിച്ച് മര്‍ദ്ദിക്കുകയായിരുന്നുവെന്നുമാണ് പാര്‍ഥിപ് പറയുന്നത്‌

‘ഞാനെന്റെ കൂട്ടുകാരനെ വിളിക്കാന്‍ പോയതായിരുന്നു. പാലാ ജങ്ഷനില്‍ വച്ച് പോലീസ് കൈ കാണിച്ചതായി പറയുന്നത്. എന്നാല്‍ ഞാന്‍ അത് കണ്ടിരുന്നില്ല. പിന്നീട്, കുറച്ച് ദൂരമെത്തിയപ്പോള്‍ പോലീസ് പിന്നാലെയെത്തി ഇറങ്ങാന്‍ പറഞ്ഞു. അവര്‍ വണ്ടിയും എന്നെയും പരിശോധിച്ചു. നിന്റെയടുത്ത് സാധനം ഉണ്ടല്ലോ എവിടെയാ ഒളിപ്പിച്ചിരിക്കുന്നത് എന്ന് ചോദിച്ചു. കൈയില്‍ ഒന്നുമില്ലെന്ന് പറഞ്ഞെങ്കിലും അവര്‍ കേട്ടില്ല. തുടര്‍ന്ന് സ്‌റ്റേഷനിലെത്തിച്ചു. സ്‌റ്റേഷനില്‍ കയറ്റുന്നതിനു മുമ്പ് ക്യാന്റീനിനടുത്ത് വച്ച് അവര്‍ ചോദ്യംചെയ്തു. പ്രേം എന്ന് പറയുന്ന ഉദ്യോഗസ്ഥനും ഡ്രൈവറുമാണ് ആദ്യം ചോദ്യംചെയ്തത്. പിന്നീട് ബിജു എന്ന ഉദ്യോഗസ്ഥനും സ്ഥലത്തെത്തി എന്റെ മുടി പിടിച്ച് കുനിച്ച് നിര്‍ത്തി ഇടിച്ചു. ആദ്യത്തെ ഇടിയില്‍ തന്നെ ഞാന്‍ വീണു. വീണ്ടും സത്യം പറ എന്ന് പറഞ്ഞ് അഞ്ചാറ് തവണ ഇടിച്ചു. ഇക്കാര്യം വീട്ടുകാരോടോ ആശുപത്രിയിലോ പറഞ്ഞാല്‍ കഞ്ചാവ്, എം.ഡി.എം.എ കേസിലും പെടുത്തുമെന്നും ഭീഷണിപ്പെടുത്തി’- പാര്‍ഥിപ് പറഞ്ഞു.

ഡ്രൈവിങ് ലൈസന്‍സിന്റെ കാര്യമൊന്നും പോലീസുകാര്‍ ചോദിച്ചിരുന്നില്ല. മര്‍ദനത്തില്‍ നട്ടെല്ലിന് വലത്തേ ഭാഗത്ത് രണ്ട് പൊട്ടും, ഇടതുഭാഗത്ത് ഒരു പൊട്ടുമുണ്ടെന്നും രണ്ട്, മൂന്ന് മാസം വിശ്രമംവേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെന്നും പാര്‍ഥിപ് പറഞ്ഞു. സംഭവത്തിൽ കാര്യങ്ങള്‍ പരിശോധിച്ച് വിശദമായ അന്വേഷണം നടത്താമെന്നാണ് പാലാ സി.ഐ നല്‍കുന്ന വിശദീകരണം.

പൊലീസുകാരുടെ മർദ്ദനത്തിൽ 17 വയസുകാരന്റെ നട്ടെല്ലിന് പരിക്കേറ്റെന്ന പരാതി അന്വേഷിക്കാൻ പാലാ ഡിവൈഎസ്‌പിയെ ചുമതലപ്പെടുത്തിയെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി കെ കാർത്തിക് പറഞ്ഞു. അന്വേഷണ റിപ്പോർട്ട് കിട്ടിയ ശേഷം നടപടി സ്വീകരിക്കും. ഇന്ന് തന്നെ റിപ്പോർട്ട് കിട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി. 

Leave a Reply

Your email address will not be published. Required fields are marked *