ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

വ്യാഴാഴ്ച തുടങ്ങുന്ന ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ലോകപ്പില്‍ കളിച്ച സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചപ്പോള്‍ സൂര്യകുമാര്‍ യാദവിനെ ക്യാപ്റ്റനായി തെരഞ്ഞെടുത്തു. യുവതാരം റുതുരാജ് ഗെയ്ക്‌വാദ് ആണ് വൈസ് ക്യാപ്റ്റന്‍. ലോകകപ്പിന് പിന്നാലെ ടി20 പരമ്പരക്കുള്ള ടീമിലും മലയാളി താരം സഞ്ജു സാംസണ് ഇടമില്ല. അവസാന രണ്ട് ടി20 മത്സരങ്ങള്‍ക്കുള്ള ടീമില്‍ ശ്രേയസ് അയ്യര്‍ വൈസ് ക്യാപ്റ്റനായി ടീമിനൊപ്പം ചേരും.

ലോകകപ്പ് ടീമിലുണ്ടായിരുന്ന സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ മാത്രമാണ് ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരക്കുള്ള ടീമില്‍ ഇടം നേടിയത്. യുവതാരങ്ങളായ യശസ്വി ജയ്‌സ്വാളും തിലക് വര്‍മയും സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ഐപിഎല്ലില്‍ തിളങ്ങിയ റിങ്കു സിംഗിന് സീനിയര്‍ ടീമില്‍ അരങ്ങേറ്റത്തിന് അവസരമൊരുങ്ങി. വാഷിംഗ്ടണ്‍ സുന്ദര്‍, അക്സര്‍ പട്ടേല്‍, ശിവം ദുബെ എന്നിവരാണ് ഓള്‍ റൗണ്ടര്‍മാര്‍. സ്പിന്നറായി രവി ബിഷ്ണോയിയും ടീമിലുണ്ട്.

ഇഷാന്‍ കിഷന് പുറമെ ജിതേഷ് ശര്‍മയെ ആണ് രണ്ടാം വിക്കറ്റ് കീപ്പറായി പരിഗണിച്ചത്. പേസര്‍മാരായി അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍, മുകേഷ് കുമാര്‍ എന്നിവരാണ് പ്രസിദ്ധ് കൃഷ്ണക്ക് പുറമെ ടീമിലുള്ളത്. 

23ന് വിശാഖപട്ടണത്താണ് ആദ്യ ടി20 മത്സരം. 26ന് തിരുവനന്തപുരത്തും, 28ന് ഗുവാഹത്തിയിലും ഡിസംബര്‍ ഒന്നിന് റായ്പൂരിലും, മൂന്നിന് ബെംഗലൂരുവിലുമാണ് മറ്റ് മത്സരങ്ങള്‍.

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീം:

 സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), റുതുരാജ് ഗെയ്‌ക്‌വാദ് (വൈസ് ക്യാപ്റ്റൻ), ഇഷാൻ കിഷൻ, യശസ്വി ജയ്‌സ്വാൾ, തിലക് വർമ്മ, റിങ്കു സിംഗ്, ജിതേഷ് ശർമ്മ, വാഷിംഗ്ടൺ സുന്ദർ, അക്‌സർ പട്ടേൽ, ശിവം ദുബെ, രവി ബിഷ്‌ണോയ്, അർഷ്ദീപ് സിംഗ്, പ്രസിദ്ദ് കൃഷ്ണ, അവേശ് ഖാൻ, മുകേഷ് കുമാർ.

റായ്പൂരിലും ബെംഗളൂരുവിലും നടക്കുന്ന അവസാന രണ്ട് ടി20 മത്സരങ്ങളിൽ വൈസ് ക്യാപ്റ്റനായി ശ്രേയസ് അയ്യർ ടീമിനൊപ്പം ചേരും.

Leave a Reply

Your email address will not be published. Required fields are marked *