ഇന്ത്യ-ഓസീസ് ആദ്യ ട്വന്‍റി 20 ഇന്ന്

ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിന് ശേഷം ഇന്ന് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ട്വൻറി 20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് വിശാഖപട്ടണത്ത് നടക്കും. ഇന്ത്യൻ സമയം വൈകിട്ട് ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുക. ആറരയ്ക്ക് ടോസ് വീഴും. വ്യത്യസ്ത ഫോർമാറ്റെങ്കിലും ഏകദിന ലോകകപ്പ് ഫൈനലിലേറ്റ തോൽവിക്ക് പകരംവീട്ടാനാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യന്‍ സ്‌ക്വാഡിലില്ലാത്തത് ആരാധകര്‍ക്ക് നിരാശയാണ്.

ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ സ്വര്‍ണം നേടിയ ടീമിലെ യുവതാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് ഓസീസിനെതിരെ ഇന്ത്യ ട്വന്‍റി 20 സ്‌ക്വാഡിനെ പ്രഖ്യാപിച്ചത്. സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ സൂര്യകുമാര്‍ യാദവാണ് ഇന്ത്യയെ നയിക്കുന്നത്. പരിക്ക് കാരണം ഹാര്‍ദിക് പാണ്ഡ്യ കളിക്കുന്നില്ല. സൂര്യക്ക് പുറമെ പ്രസിദ്ധ് കൃഷ്ണ, ഇഷാന്‍ കിഷന്‍ എന്നിവര്‍ മാത്രമാണ് ലോകകപ്പ് സ്‌ക്വാഡില്‍ നിന്ന് ടീമിലെത്തിയ താരങ്ങള്‍. പരിക്ക് മാറി വാഷിംഗ്‌ടണ്‍ സുന്ദറും അക്‌സര്‍ പട്ടേലും ടീമിലേക്ക് മടങ്ങിവന്നിട്ടുമുണ്ട്. അവസാന രണ്ട് മത്സരങ്ങളില്‍ ശ്രേയസ് അയ്യര്‍ കളിക്കും. ബാക്കിയെല്ലാ ഇന്ത്യന്‍ താരങ്ങള്‍ക്കും സീനിയര്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ നിര്‍ണായക പരമ്പരയാകും ഓസീസിനെതിരെ.

മറുവശത്ത് ഓസ്ട്രേലിയ ലോകകപ്പ് ജയിച്ച ടീമിലെ ഏഴ് താരങ്ങളുമായാണ് വരുന്നത്. ഫൈനലിലെ ഹീറോയായി മാറിയ ട്രാവിസ് ഹെഡിന് പുറമെ ഗ്ലെൻ മാക്സ്‍വെൽ, സ്റ്റീവ് സ്മിത്ത്, ഷോണ്‍ അബട്ട്, ജോഷ് ഇൻഗ്ലിസ്, മാര്‍ക്കസ് സ്റ്റോയിനിസ്, ആദം സാംപ എന്നിവരുണ്ട് ഓസീസ് സ്ക്വാഡിൽ. മാത്യു വെയ്‌ഡാണ് പരമ്പരയില്‍ ഓസീസിനെ നയിക്കുന്നത്. സ്‌പോര്‍ട്‌സ് 18നും കളേഴ്‌സ് സിനിപ്ലക്‌സും ജിയോ സിനിമയും വഴി ഇന്ത്യ-ഓസീസ് ടി20 പരമ്പര തല്‍സമയം ആരാധകര്‍ക്ക് കാണാം. ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീം: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), റുതുരാജ് ഗെയ്‌ക്‌വാദ് (വൈസ് ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, യശസ്വി ജയ്സ്വാള്‍, തിലക് വര്‍മ്മ, റിങ്കു സിംഗ്, ജിതേഷ് ശര്‍മ്മ, വാഷിംഗ്ടണ്‍ സുന്ദര്‍, അക്സര്‍ പട്ടേല്‍, ശിവം ദുബെ, രവി ബിഷ്ണോയ്, അര്‍ഷ്ദീപ് സിംഗ്, പ്രസിദ്ദ് കൃഷ്ണ, അവേശ് ഖാന്‍, മുകേഷ് കുമാര്‍.

Leave a Reply

Your email address will not be published. Required fields are marked *