‘ ഇനി അശോകൻ ചേട്ടനെ അനുകരിക്കില്ല’; എല്ലാവരും പ്രതികരിച്ചാൽ അനുകരണം നിർത്തുമെന്ന് അസീസ്

അശോകനെ ഇനി അനുകരിക്കില്ലെന്ന് നടനും മിമിക്രി താരവുമായ അസീസ് നെടുമങ്ങാട്. ചില മിമിക്രി താരങ്ങൾ തന്നെ മോശമായി അനുകരിക്കുന്നുവെന്ന് അശോകൻ ഈയടുത്ത് വെളിപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് അസീസിന്റെ പ്രതികരണം. ഒരു സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെയാണ് അസീസിന്റെ വെളിപ്പെടുത്തൽ.

‘അശോകൻ ചേട്ടന്റെ ആ ഇന്റർവ്യൂ കണ്ടിരുന്നു. അദ്ദേഹത്തിന്റെ സുഹൃത്ത് തന്നെയാണ് എനിക്ക് ആ വീഡിയോ അയച്ചു തന്നത്. ഇപ്പോൾ നമ്മൾ ഒരാളെ അനുകരിക്കുന്നത് അരോചകമായി തോന്നിയാൽ അത് തുറന്നു പറയുന്നത് അഭിപ്രായസ്വാതന്ത്ര്യമാണ്. അത് പുള്ളിയുടെ ഇഷ്ടം. അദ്ദേഹത്തിന് ചിലപ്പോൾ അങ്ങനെ തോന്നിയതായിരിക്കാം. പക്ഷേ ഞാനൊരു തീരുമാനമെടുത്തു. അശോകൻ ചേട്ടനെ ഇനി അനുകരിക്കില്ല. നിർത്തി.

അശോകൻ ചേട്ടനെപ്പോലുള്ള താരങ്ങളെ ജനങ്ങൾക്കടയിൽ വീണ്ടും ഓർമിപ്പിക്കുന്നത് ഇതുപോലുള്ള മിമിക്രിക്കാരാണ്. കുറച്ച് ഓവറായി ചെയ്യുന്നത് എന്തിനെന്ന് വെച്ചാൽ, സ്റ്റേജിന് വൈഡ് ആയാണ് അമ്പലപ്പറമ്പിലൊക്കെ ഓഡിയൻസ് ഇരിക്കുന്നത്. അത്രയും ജനങ്ങളിലേക്കെത്തണമെങ്കിൽ കുറച്ച് ഓവർ ആയി ചെയ്‌തേ പറ്റൂ. ടിവിയിൽ അതിലും കുറച്ച് ചെയ്യണം. സിനിമയിൽ അഭിനയിക്കുകയേ വേണ്ട. അതാണ് ഇവ തമ്മിലുള്ള വ്യത്യാസം. നാടകം ഓവറല്ലേ. അങ്ങനെ ഓവറായിട്ട് ചെയ്യണം. പുള്ളിയുടെ കൂടെ ഞാൻ സ്റ്റേജിൽ പങ്കെടുത്തിട്ടുണ്ട്. അസീസ് ചെയ്യുന്നത് ഇഷ്ടമാണെന്ന് പുള്ളി തുറന്ന് പറഞ്ഞിട്ടുണ്ട്. ഇതെന്തുപറ്റിയെന്ന് അറിയില്ല. ചിലപ്പോൾ ഇപ്പോൾ വേദനിച്ച് കാണും.

ഒരു മനുഷ്യനെ കളിയാക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ലെങ്കിൽ അത് അപ്പോൾ നിർത്തണം, അത് സ്വന്തം കൂട്ടുകാരനാണെങ്കിൽ കൂടി. അതുകൊണ്ടാണ് ഞാൻ പറഞ്ഞത്, ഇനി മുതൽ അശോകൻ ചേട്ടനെ ഒരിടത്തും അനുകരിക്കില്ല. ഫിഗർ ഷോ എന്നത് ഔട്ട് ആയിക്കൊണ്ടിരിക്കുകയാണ്. സ്‌കിറ്റുകൾ ചെയ്യും. ഞങ്ങൾക്കും ജീവിക്കണ്ടേ, ഞങ്ങൾ മിമിക്രിക്കാരാണ്’, അസീസ് പറഞ്ഞു. ഇനി എല്ലാവരും ഇതുപോലെ പ്രതികരിച്ചു തുടങ്ങിയാൽ അനുകരണം നിർത്തുമെന്നും മിമിക്രിയിൽ ചെയ്യാൻ വേറെയും ഉണ്ടെന്നും താരം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *