കർണാടകയിൽ സ്കൂൾ അധ്യപികയെ തട്ടിക്കൊണ്ട് പോയി; മണിക്കൂറുകൾക്കകം പ്രതികൾ അറസ്റ്റിൽ

കര്‍ണാടകയിലെ ഹാസനില്‍ സ്‌കൂള്‍ അധ്യാപികയെ പട്ടാപ്പകല്‍ തട്ടിക്കൊണ്ട് പോയ കേസില്‍ ബന്ധുവടക്കം മൂന്നു പേരെ അറസ്റ്റ് ചെയ്തു. മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ ഒളിവില്‍ തങ്ങിയ സ്ഥലം കണ്ടെത്തി, അറസ്റ്റ് ചെയ്തതും അധ്യാപികയെ മോചിപ്പിച്ചതുമെന്ന് പൊലീസ് അറിയിച്ചു. അധ്യാപികയായ അര്‍പ്പിതയുടെ അകന്ന ബന്ധു കൂടിയായ രാമുവെന്ന യുവാവിനെയാണ് അറസ്റ്റ് ചെയ്തത്. കൂര്‍ഗ് ജില്ലയിലെ സോംവാര്‍പേട്ടയ്ക്ക് സമീപത്ത് വച്ചാണ് രാമുവിനെയും സംഘത്തെയും പിടികൂടിയത്.

വ്യാഴാഴ്ച രാവിലെയാണ് രാമുവും സംഘവും 23കാരിയായഅര്‍പ്പിതയെ തട്ടിക്കൊണ്ട് പോയത്. രാവിലെ സ്‌കൂളിലേക്ക് നടന്നുപോകുമ്പോഴാണ് രാമുവും സുഹൃത്തുക്കളും ഇന്നോവ കാറില്‍ പാഞ്ഞെത്തി അര്‍പ്പിതയെ ബലമായി കയറ്റി കൊണ്ടുപോയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സിസി ടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് രാമുവാണ് അര്‍പ്പിതയെ തട്ടിക്കൊണ്ട് പോയതെന്ന് വ്യക്തമായത്.

വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ്അര്‍പ്പിതയെ രാമുവും സംഘവും തട്ടിക്കൊണ്ട് പോയതെന്ന് ഹസന്‍ പൊലീസ് പറഞ്ഞു. 15 ദിവസം മുമ്പ് അര്‍പ്പിതയുടെ വീട്ടില്‍ രാമുവും കുടുംബവും വിവാഹാലോചനയുമായി എത്തിയിരുന്നു. എന്നാല്‍ അര്‍പ്പിത വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതാണ് രാമുവിനെയും കുടുംബാംഗങ്ങളെയും ചൊടിപ്പിച്ചതെന്നും കുടുംബത്തിന്റെ പരാതിയില്‍ പറയുന്നതായി പൊലീസ് അറിയിച്ചു. രാമുവും അര്‍പ്പിതയും നാലു വര്‍ഷമായി പ്രണയബന്ധത്തിലായിരുന്നുവെന്നും ആരോപണമുണ്ട്.

പരാതി ലഭിച്ചതോടെ പ്രത്യേക സംഘത്തെ രൂപീകരിച്ച് അന്വേഷണം ആരംഭിച്ചെന്ന് ഹാസന്‍ എസ്പി മുഹമ്മദ് മാധ്യമങ്ങളോട് പറഞ്ഞു. വ്യാഴാഴ്ചയാണ് പരാതി ലഭിച്ചത്. ഉടന്‍ തന്നെ പ്രദേശത്തെ സിസി ടിവി പരിശോധിച്ചു. പ്രതികളെ തിരിച്ചറിഞ്ഞതോടെ ഫോണ്‍ ലൊക്കേഷന്‍ അടിസ്ഥാനമാക്കി അന്വേഷണം നടത്തി സംഘത്തെ പിടികൂടുകയായിരുന്നു. പ്രതിയെ ചോദ്യം ചെയ്യുന്നത് തുടരുകയാണെന്നും എസ്പി അറിയിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *