പുതിയ എഐ അധിഷ്ഠിത ഇമേജ് അവതരിപ്പിച്ച് മെറ്റ

പുതിയ എഐ അധിഷ്ഠിത ഇമേജ് ജനറേറ്റര്‍ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് മെറ്റ. ഡാല്‍ഇ, ലിയനാര്‍ഡോ എഐ, മിഡ്ജേണി എന്നീ പ്ലാറ്റ്‌ഫോമുകള്‍ക്ക് സമാനമാണിത്. ഇതിലൂടെ സാധാരണ ഭാഷയില്‍ തന്നെ നിര്‍ദേശങ്ങള്‍ നല്കി എഐ ഉപയോഗിച്ച് ചിത്രങ്ങള്‍ നിര്‍മ്മിക്കാമെന്നാണ് മെറ്റ അറിയിക്കുന്നത്. 

നവംബറില്‍ മെറ്റയുടെ ‘കണക്ട്’ ഡവലപ്പര്‍ കോണ്‍ഫറന്‍സ് നടന്നിരുന്നു. ഇതിലാണ് ആദ്യമായി ഇമേജ് ജനറേറ്റര്‍ മെറ്റ പ്രദര്‍ശിപ്പിച്ചത്. മെറ്റയുടെ എഐ ചാറ്റ് ബോട്ടിനൊപ്പം ലഭ്യമായിരുന്ന ഈ ടൂള്‍ ഇപ്പോള്‍ പ്രത്യേക പ്ലാറ്റ്ഫോമായി അവതരിപ്പിച്ചിരിക്കുകയാണെന്നതാണ് പ്രത്യേകത. മെറ്റയുടെ എമു ഇമേജ് ജനറേഷന്‍ മോഡല്‍ ഉപയോഗിച്ചാണ് ഇമാജിന്‍ വിത്ത് മെറ്റ പ്രവര്‍ത്തിക്കുന്നത്.

യുഎസിലെ ഉപയോക്താക്കള്‍ക്ക് ഇത് സൗജന്യമായി ഉപയോഗിക്കാനാകും. imagine.meta.com എന്ന യുആര്‍എല്‍ സന്ദര്‍ശിച്ചാല്‍ കൂടുതല്‍ വിവരങ്ങളറിയാം. ഇമേജ് ജനറേറ്റര്‍ വഴി നിര്‍മ്മിക്കുന്ന ചിത്രങ്ങളുടെ താഴെ എഐ നിര്‍മ്മിതമാണെന്ന് തിരിച്ചറിയാനായി വാട്ടര്‍മാര്‍ക്ക് നല്‍കും. പെട്ടെന്ന് തിരിച്ചറിയാന്‍ ആളുകളെ ഇത് സഹായിക്കുമെന്നും മെറ്റ വ്യക്തമാക്കി. 

കഴിഞ്ഞ ദിവസമാണ് ഗൂഗിള്‍ ജെമിനി അവതരിപ്പിച്ചത്. ഇതിന് പിന്നാലെയാണ് മെറ്റ പുതിയ പ്ലാറ്റ്‌ഫോം അവതരിപ്പിക്കുന്നത്. കമ്പനിക്ക് ഇതിനകം തന്നെ ബാര്‍ഡ് ഉണ്ടെങ്കിലും, ഓപ്പണ്‍എഐയുടെ ചാറ്റ്ജിപിടി പോലെയുള്ളവയോട് മത്സരിക്കാന്‍ ജെമിനി എഐ പോലെയൊന്ന് ആവശ്യമായിരിക്കാമെന്നാണ് വിലയിരുത്തല്‍. എട്ട് വര്‍ഷമായി ഗൂഗിള്‍ നടത്തി വരുന്ന എഐ പ്രവര്‍ത്തനങ്ങളുടെ പരിസമാപ്തിയാണ് ജെമിനിയെന്ന് ഗൂഗിള്‍ തലവന്‍ സുന്ദര്‍ പിച്ചൈ പറഞ്ഞിരുന്നു.

അള്‍ട്രാ, പ്രോ, നാനോ എന്നീ മൂന്ന് മോഡുകളില്‍ ജെമിനി എഐ ലഭ്യമാകും. എഐ ടാസ്‌ക്കുകള്‍ നിര്‍വഹിക്കുന്നതിനുള്ള ഏറ്റവും വലിയ എല്‍എല്‍എം ആണ് അള്‍ട്രായില്‍  ഉപയോഗിക്കുന്നത്. പ്രോ ചെറിയ എല്‍എല്‍എം ഉപയോഗിക്കും, നാനോയില്‍ ഏറ്റവും ചെറിയ എല്‍എല്‍എമ്മാണ് ഉപയോഗിക്കുക. കമ്പ്യൂട്ടറുകളിലും ഫോണുകളിലും പ്രാദേശികമായി പ്രവര്‍ത്തിക്കുന്നതിനായി നാനോ ലഭ്യമാകാനുള്ള സാധ്യതയും ഇത് ചൂണ്ടിക്കാണിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *