വയനാട്ടിലെ വാകേരിയില്‍നിന്ന് പിടിയിലായ നരഭോജിക്കടുവയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും

വയനാട്ടിലെ വാകേരിയില്‍നിന്ന് പിടിയിലായി പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റിയ കടുവയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും. കടുവയുടെ മുഖത്തും ശരീരത്തിലുമുള്ള ആഴമേറിയ മുറിവിനാണ് ശസ്ത്രക്രിയ നടത്തുന്നത്. കടുവയുടെ മുഖത്തെ മുറിവ് ആഴമേറിയതെന്ന് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. മുറിവിന് എട്ട് സെന്റിമീറ്ററോളം ആഴമുണ്ടെന്നാണ് വിലയിരുത്തുന്നത്. വനത്തിനുള്ളിൽ കടുവകൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ ഉണ്ടായതാവാം മുറിവെന്നുമാണ് നിഗമനം. ചികിത്സയ്ക്ക് വേണ്ടി കടുവയെ മയക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അനുമതി നല്‍കിയിട്ടുണ്ട്. നാളെ ഉച്ചയ്ക്ക് വെറ്റിനറി സര്‍വകലാശാലയില്‍ നിന്നുള്ള ശസ്ത്രക്രിയ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ചികിത്സ ലഭ്യമാക്കും.

കഴിഞ്ഞ ദിവസം കടുവയെ പുത്തൂരിലെത്തിച്ചപ്പോള്‍ തന്നെ പ്രതിരോധ കുത്തിവെപ്പെടുക്കുകയും, തുടര്‍ന്നുള്ള പരിശോധനയില്‍ മുഖത്തെ മുറിവ് എട്ട് സെന്റിമീറ്ററിലധികം ആഴമുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. പരിക്ക് ഗുരുതരമായതിനാല്‍ തന്നെ കടുവയ്ക്ക് തീറ്റ എടുക്കുന്നതിന് ഉള്‍പ്പെടെ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. 13 വയസ് പ്രായമുള്ള കടുവയെ 40 മുതൽ 60 ദിവസം വരെ പുത്തൂര്‍ സുവോളജിക്കൽ പാര്‍ക്കിൽ ക്വാറന്റൈനിൽ നിര്‍ത്താനാണ് തീരുമാനം. മൂക്ക്,വായ,പല്ലുകള്‍,താടിയെല്ല് ഇവയെല്ലാം തകര്‍ന്നിട്ടുണ്ട്. കൂടാതെ കടുവയ്ക്ക്‌ കടുത്ത അവശതയും ക്ഷീണവുമുണ്ട്.

വാകേരി കൂടല്ലൂരില്‍ യുവാവിനെ കൊന്ന കടുവ പത്താംദിവസമാണ് വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയത്. ക്ഷീരകര്‍ഷകനായ പ്രജീഷിനെ കൊലപ്പെടുത്തിയതിന്റെ 200 മീറ്റര്‍ അകലെ ആട്ടിന്‍കുട്ടിയെ ഇരയാക്കി സ്ഥാപിച്ച കൂട്ടിലാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ കടുവ കുടുങ്ങിയത്. ഡിസംബര്‍ ഒമ്പതിനാണ് നാടിനെ നടുക്കിക്കൊണ്ട് വാകേരി കൂടല്ലൂരിലെ കര്‍ഷകന്‍ പ്രജീഷിനെ കടുവകൊന്നത്. കൃഷിത്തോട്ടത്തില്‍ പുല്ലരിയാനിറങ്ങിയതായിരുന്നു പ്രജീഷ്.

Leave a Reply

Your email address will not be published. Required fields are marked *