വർക്കലയിലെ ഫ്ലോട്ടിംഗ് ബ്രിഡ്ജ് ഇന്നു മുതൽ സഞ്ചാരികൾക്ക് തുറന്ന് നൽകും

തിരുവനന്തപുരം വർക്കലയിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് ഇന്നുമുതൽ വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുക്കും. ഫ്ളോട്ടിങ് ബ്രിഡ്ജിന്‍റെയും ബീച്ചിലെ ജല കായിക പ്രവര്‍ത്തനങ്ങളുടെയും ഉദ്ഘാടനം ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും.വി ജോയ് എംഎല്‍എ അധ്യക്ഷത വഹിക്കും. സംസ്ഥാനത്തെ ഏഴാമത്തെ ഫ്ളോട്ടിങ് ബ്രിഡ്ജാണിത്.മന്ത്രി തന്നെയാണ് വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

100 മീറ്റര്‍ നീളവും മൂന്ന് മീറ്റര്‍ വീതിയുമുള്ള പാലത്തിന് ഇരുവശങ്ങളിലും തൂണുകളുമുണ്ട്. പാലം അവസാനിക്കുന്നിടത്ത് 11 മീറ്റര്‍ നീളവും ഏഴ് മീറ്റര്‍ വീതിയുമുള്ള ഒരു പ്ലാറ്റ്ഫോം ഉണ്ട്. ഇവിടെനിന്ന് സന്ദര്‍ശകര്‍ക്ക് കടല്‍ക്കാഴ്ചകള്‍ ആസ്വദിക്കാം. ഒരേസമയം 100 സന്ദര്‍ശകര്‍ക്ക് ബ്രിഡ്ജില്‍ പ്രവേശിക്കാം. രാവിലെ 11 മുതല്‍ വൈകുന്നേരം 5 വരെയാണ് പ്രവേശനം.

സുരക്ഷാ ബോട്ടുകള്‍, ലൈഫ് ജാക്കറ്റ്, ലൈഫ് ഗാര്‍ഡുകള്‍ എന്നിവയുള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഫ്ലോട്ടിങ് ബ്രിഡ്‌ജിൽ സജ്ജീകരിച്ചിട്ടുണ്ട്. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന 1400 ഹൈ ഡെന്‍സിറ്റി ഫ്ളോട്ടിങ് പോളി എത്തിലീന്‍ ബ്ലോക്കുകള്‍ ഉപയോഗിച്ചാണ് പാലം നിര്‍മ്മിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *