മൊബൈൽ ആപ്പിലൂടെ ഡ്രൈവിങ് ലൈസൻസ് പുതുക്കാം; കുവൈത്തില്‍ സേവനങ്ങൾ കൂടുതൽ എളുപ്പമാകും

കുവൈത്തിൽ വാഹന സംബന്ധമായ സേവനങ്ങൾ ഇനി കൂടുതൽ എളുപ്പമാകും. പൗരന്മാർക്കും വിദേശി താമസക്കാർക്കും ഗതാഗത വകുപ്പ് ഓഫീസ് സന്ദർശിക്കാതെ തന്നെ മൊബൈൽ ആപ്പിലൂടെ വാഹന ഡ്രൈവിംഗ് ലൈസൻസ് പുതുക്കാനാകും. ഗതാഗത സേവനങ്ങൾ ഡിജിറ്റലൈസേഷൻ ചെയ്യുന്നതിൻറെ ഭാഗമായാണ് പുതിയ നീക്കം. ഡ്രൈവിംഗ് ലൈസൻസും, വാഹന രേഖകൾ പുതുക്കലും,ഉടമസ്ഥാവകാശ കൈമാറ്റവും ഇന്ന് മുതൽ ഇലക്ട്രോണിക് സേവനങ്ങൾക്കായുള്ള ഏകീകൃത സർക്കാർ ആപ്ലിക്കേഷനായ സഹൽ ആപ്പ് വഴി ലഭ്യമാകുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഫെബ്രുവരി ഒന്നു മുതൽ വാഹന കൈമാറ്റ സേവനവും സഹൽ ആപ്പ് വഴി ലഭ്യമാകും. ആഭ്യന്തര മന്ത്രാലയം അവതരിപ്പിച്ച ഈ പുതിയ സേവനങ്ങൾ സഹൽ ഉപയോക്താക്കൾക്ക് പ്രയത്നവും സമയവും ലാഭിക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷ. ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇൻഫർമേഷൻ സിസ്റ്റംസാണ് സർക്കാർ സേവനങ്ങൾക്കായുള്ള സഹൽ ഏകജാലക അപ്ലിക്കേഷനിൽ പുതിയ സേവനങ്ങൾ ഉൾപ്പെടുത്തിയത്. വിവിധ വകുപ്പുകളുമായി ഏകോപിപ്പിച്ചാണ് സേവനം ലഭ്യമാക്കുന്നത്.

ഇ ഗവേൺസ് സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പുറത്തിറക്കിയ സഹൽ അപ്ലിക്കേഷനിൽ ഇതിനോടകം വിവിധ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും നിരവധി സേവനങ്ങൾ ചേർത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *