രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ജനുവരി 17ന് പരിഗണിക്കും

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ജനുവരി 17ന് പരിഗണിക്കും. പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. കഴിഞ്ഞ ദിവസം രാഹുൽ മാങ്കൂട്ടത്തിൽ വീണ്ടും ജാമ്യ ഹരജി നൽകിയിരുന്നു. ജനുവരി 22 വരെ റിമാൻഡ് ചെയ്യപ്പെട്ട രാഹുൽ ഇപ്പോൾ പൂജപ്പുര ജയിലിലാണ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ബുധനാഴ്ച ജയിലിലെത്തി രാഹുലിനെ സന്ദർശിച്ചിരുന്നു.

ഏതാനും ദിവസം മുമ്പ് മാത്രം ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്യപ്പെട്ട രാഹുൽ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടിയാണ് പുതിയ ജാമ്യാപേക്ഷ നൽകിയത്. മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിച്ചെങ്കിലും വീണ്ടും ആരോഗ്യപരിശോധനക്ക് അയച്ച ശേഷമാണ് മജിസ്ട്രേറ്റ് കോടതി രാഹുലിന് ജാമ്യം നിഷേധിച്ചത്. ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് റിപ്പോർട്ട് നൽകാൻ സർക്കാർ ഡോക്ടർക്കുമേൽ സമ്മർദമുണ്ടായെന്ന ആരോപണം ഷാഫി പറമ്പിൽ എം.എൽ.എ ഉന്നയിച്ചിട്ടുണ്ട്.

അതേസമയം, വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുമായി ജാമ്യത്തിന് ശ്രമിച്ചെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും കുറ്റപ്പെടുത്തി. സ്ഥിരമായി വിവരക്കേട് പറയുന്ന ആളാണ് എം.വി. ഗോവിന്ദനെന്നാണ് പ്രതിപക്ഷ നേതാവിന്‍റെ മറുപടി

Leave a Reply

Your email address will not be published. Required fields are marked *