കേരളത്തെ കണ്ട് മറ്റ് സംസ്ഥാനങ്ങൾ മാതൃകയാക്കണം: രാഹുൽ ഗാന്ധി

കേരളത്തിലെ യൂത്ത് കോൺഗ്രസിനെ അഭിനന്ദിച്ച് രാഹുൽഗാന്ധി എംപി. എൽഡിഎഫ് സർക്കാരിൻറെ ഭരണപരാജയങ്ങൾ കേരള യൂത്ത് കോൺഗ്രസ് ശക്തമായി ഉയർത്തിക്കാട്ടിയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.  യൂത്ത് കോൺഗ്രസിന്‍റെ ദേശീയ എക്സിക്യൂട്ടീവ് യോഗത്തിന്റെ സമാപന പരിപാടിയിലാണ് രാഹുൽ കേരളത്തിലെ യൂത്ത് കോൺഗ്രസ് നേതൃത്വത്തെ അഭിനന്ദിച്ചത്.

കേരള യൂത്ത് കോൺഗ്രസ്  അധ്യക്ഷൻ അടക്കമുള്ളവരെ സംസ്ഥാന സർക്കാർ നേരിട്ടതെങ്ങനെയെന്ന് പുറത്ത് വന്ന ദൃശ്യങ്ങളിൽ വ്യക്തമാണെന്നും കേരള യൂത്ത് കോൺഗ്രസ് എല്ലാ സംസ്ഥാനങ്ങൾക്കും മാതൃകയാണെന്നും രാഹുൽ ഗാന്ധി യോഗത്തിൽ വ്യക്തമാക്കി. അടുത്ത തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മത്സരിക്കുന്ന എല്ലാ ലോക്സഭാ മണ്ഡലങ്ങളിലേക്കും യൂത്ത് കോൺഗ്രസ് കോർഡിനേറ്റേഴ്സിനെ നിയമിക്കാൻ യോഗത്തിൽ തീരുമാനമായിട്ടുണ്ട്.

അതേസമയം രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര നാളെ മണിപ്പൂരില്‍ നിന്ന് തുടങ്ങും. പതിനഞ്ച് സംസ്ഥാനങ്ങളിലെ 110 ജില്ലകളിലൂടെയാണ് യാത്ര കടന്നുപോകുന്നത്. ഉത്തർപ്രദേശില്‍ മാത്രം പതിനൊന്ന് ദിവസം രാഹുല്‍ യാത്ര നടത്തും.  2024 ലോക്സഭ തെരഞ്ഞെടുപ്പിലെ ബിജെപിക്കെതിരായ മത്സരിത്തില്‍ കോണ്‍ഗ്രസിന്‍റെ തുറുപ്പ് ചീട്ടാണ് ഭാരത് ജോഡോ ന്യായ് യാത്ര. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ ഭാരത് ജോഡോ യാത്ര നടത്തിയ രാഹുല്‍ കിഴക്ക് നിന്ന് പടിഞ്ഞാറേക്ക് നടത്തുന്ന യാത്രയാണ് ഇത്. 

വിലക്കയറ്റം, തൊഴിലില്ലായ്മ പ്രശ്നങ്ങള്‍ മുതല്‍ മണിപ്പൂര്‍ കലാപം വരെ മോദി സർക്കാരിനെതിരെ ഉന്നയിച്ചാണ് രാഹുല്‍ മണിപ്പൂര്‍ മുതല്‍ മഹാരാഷ്ട്ര വരെ യാത്ര നടത്തുന്നത്. ഭാരത് ജോ‍ഡോ യാത്ര 136 ദിവസമെടുത്ത് 12 സംസ്ഥാനങ്ങളിലൂടെ 4080 കിലോമീറ്റർ കാല്‍നടയായി സഞ്ചരിക്കുന്നതായിരുന്നു. എന്നാല്‍ രണ്ടാം എഡീഷനായ ഭാരത് ജോ‍ഡോ ന്യായ് യാത്ര 66 ദിവസം കൊണ്ട് 6713 കിലോമീറ്റർ നീളുന്നതാണ്. ആദ്യ യാത്ര കാല്‍നടയായിരുന്നുവെങ്കില്‍ ഇപ്പോഴത്തെ യാത്ര ബസിലായിരിക്കും രാഹുല്‍ നടത്തുക. 

Leave a Reply

Your email address will not be published. Required fields are marked *