രഞ്ജി ട്രോഫി ക്രിക്കറ്റ്; കർണാടകയ്ക്ക് എതിരെ ഗുജറാത്തിന് അവിശ്വസനീയ ജയം

രഞ്ജി ട്രോഫിയില്‍ കര്‍ണാടകയ്‌ക്കെതിരെ അവിശ്വസനീയ ജയം സ്വന്തമാക്കി ഗുജറാത്ത്. അഹമ്മദാബാദ്, നേരന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ തോല്‍ക്കുമെന്ന് ഉറപ്പായ മത്സരം ഗുജറാത്ത് തിരിച്ചുപിടിക്കുകയായിരുന്നു. 110 റണ്‍സ് മാത്രമായിരുന്നു കര്‍ണാടകയുടെ വിജയലക്ഷ്യം. എന്നാല്‍ ശക്തരായ കര്‍ണാടക കേവലം 103 റണ്‍സിന് പുറത്തായി. ഏഴ് വിക്കറ്റ് നേടിയ സിദ്ധാര്‍ത്ഥ് ദേശായിയാണ് കര്‍ണാകയെ തകര്‍ത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഗുജറാത്ത് ഒന്നാം ഇന്നിംഗ്‌സില്‍ 264ന് എല്ലാവരും പുറത്തായിരുന്നു. മറുപടി ബാറ്റിംഗില്‍ കര്‍ണാടക 374 റണ്‍സ് നേടി. 110 റണ്‍സിന്റെ കടവുമായി രണ്ടാം ഇന്നിംഗ്‌സിനെത്തിയ ഗുജറാത്ത് രണ്ടാം ഇന്നിംഗ്‌സില്‍ 219ന് എല്ലാവരും പുറത്തായി. വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കര്‍ണാടക അവിശ്വസനീയമായി 103 റണ്‍സിന് പോരാട്ടം അവസാനിപ്പിക്കുകയായിരുന്നു.

31 റണ്‍സ് നേടിയ ദേവ്ദത്ത് പടിക്കലാണ് കര്‍ണാടകയുടെ ടോപ് സ്‌കോറര്‍. ശുഭാംഗ് ഹെഗ്‌ഡെ (27), മായങ്ക് അഗര്‍വാള്‍ (19) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. നികിന്‍ ജോസ് (4), മനീഷ് പാണ്ഡെ (0), സുജയ് സതേരി (2), വിജയകുമാര്‍ വൈശാഖ് (0), രവികുമാര്‍ സമര്‍ത്ഥ് (2), രോഹിത് കുമാര്‍ (0), പ്രസിദ്ധ് കൃഷ്ണ (7) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. വാസുകി കൗശിക് (4) പുറത്താവാതെ നിന്നു.

ഒന്നാം ഇന്നിംഗ്‌സില്‍ ഗുജറാത്തിനെ ക്ഷിടിജ് പട്ടേല്‍ (95), ഉമാംഗ് കുമാര്‍ (72) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചിരുന്നത്. ചിന്തന്‍ ഗജ 45 റണ്‍സെടുത്തു. കര്‍ണാടകയ്ക്ക് വേണ്ടി കൗഷിക് നാല് വിക്കറ്റെടുത്തു. മറുപടി ബാറ്റിംഗില്‍ മായങ്കിന്റെ (109) സെഞ്ചുറി കരുത്തിലാണ് കര്‍ണാക ലീഡെടുത്തത്. മനീഷ് പാണ്ഡെ (88), ആര്‍ സമര്‍ത്ഥ് (60) മികച്ച പ്രകടനം പുറത്തെടുത്തു. ഗജ മൂന്ന് വിക്കറ്റ് വീഴ്ത്തി.

തുടര്‍ന്ന് രണ്ടാം ഇന്നിംഗ്‌സിന് ഇറങ്ങിയ ഗുജറാത്തിന് മനന്‍ ഹിഗ്രാജിയ (56), ഉമാംഗ് (57) എന്നിവര്‍ ലീഡ് നേടാന്‍ സഹായിച്ചു. ഒരു ഘട്ടത്തിന് നാല് 54 എന്ന മോശം നിലയിലായിരുന്നു ഗുജറാത്ത്. കര്‍ണാടകയ്ക്ക് വേണ്ടി കൗഷിക്, രോഹിത് കുമാര്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം നേടി.

Leave a Reply

Your email address will not be published. Required fields are marked *