വിമാന ഷെഡ്യൂളില്‍ മാറ്റം വരുത്തി എയര്‍ലൈന്‍; സാങ്കേതിക കാരണങ്ങളെ തുടര്‍ന്നെന്ന് വിശദീകരണം

കുവൈത്ത് എയര്‍വേയ്സ് വിമാന ഷെഡ്യൂളുകള്‍ പുനഃക്രമീകരിച്ചു. കെയ്റോ, ജിദ്ദ എന്നീ സ്ഥലങ്ങളിലേക്കുള്ള വിമാന സര്‍വീസുകളാണ് റീ ഷെഡ്യൂള്‍ ചെയ്തത്.

സാങ്കേതിക കാരണങ്ങളെ തുടര്‍ന്നാണെന്ന് എയര്‍ലൈന്‍ അറിയിച്ചു. അതേസമയം വിവിധ സ്ഥലങ്ങളിലേക്ക് പോകുന്നവര്‍ ഷെഡ്യൂള്‍ പരിശോധിച്ച്‌ ഉറപ്പാക്കണമെന്നും പുതുക്കിയ സമയക്രമം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണെന്നും കുവൈത്ത് എയര്‍വേയ്സ് വ്യക്തമാക്കി. 

അതേസമയം പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ച്‌ എയര്‍ ഇന്ത്യ എക്സ്പ്രസ്. ഹൈദരാബാദില്‍ നിന്ന് സൗദി അറേബ്യയുടെ തലസ്ഥാന നഗരമായ റിയാദിലേക്കാണ് പുതിയ നേരിട്ടുള്ള സര്‍വീസ്. 

ഈ റൂട്ടില്‍ ആഴ്ചയില്‍ നേരിട്ടുള്ള മൂന്ന് സര്‍വീസുകളാകും ഉണ്ടാകുക. അടുത്തിടെ ഹൈദരാബാദിനെയും ദമ്മാമിനെയും ബന്ധിപ്പിക്കുന്ന വിമാന സര്‍വീസിനും എയര്‍ ഇന്ത്യ എക്സ്പ്രസ് തുടക്കമിട്ടിരുന്നു. ഇതോടെ എയര്‍ ഇന്ത്യ എക്‌സ്പ്രസിന് ഹൈദരാബാദില്‍ നിന്ന് സൗദി അറേബ്യയിലെ മൂന്ന് പ്രധാന നഗരങ്ങളിലേക്കും സര്‍വീസായി. ജിദ്ദയിലേക്കും ദമ്മാമിലേക്കും നേരിട്ടുള്ള സര്‍വീസുകള്‍ നേരത്തേയുണ്ട്. ഹൈദരാബാദ്-റിയാദ് റൂട്ടില്‍ സര്‍വീസുകള്‍ ഫെബ്രുവരി രണ്ടിന് ആരംഭിക്കും. 

തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളാണ് സര്‍വീസ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഹൈദരാബാദില്‍ നിന്ന് ഉച്ചയ്ക്ക് 12:05ന് പുറപ്പെടുന്ന വിമാനം സൗദി സമയം വൈകുന്നേരം മൂന്നു മണിക്ക് റിയാദിലെത്തും. വൈകുന്നേരം നാലു മണിക്ക് സൗദിയില്‍ നിന്ന് തിരിച്ചുപറക്കുന്ന വിമാനം രാത്രി 11ന് ഹൈദരാബാദില്‍ ഇറങ്ങും. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും വെബ്സൈറ്റിലൂടെയും മറ്റ് പ്രധാന ബുക്കിങ് പ്ലാറ്റ്ഫോമുകളിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *