‘നരേന്ദ്രമോദിയോട് ഔദ്യോഗികമായി മാപ്പ് പറയണം’; മാലദ്വീപ് പ്രസിഡന്റിനോട് പ്രതിപക്ഷ പാർട്ടി നേതാവ്

ഇന്ത്യയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഔദ്യോഗികമായി മാപ്പ് പറയണമെന്ന് മാലദ്വീപ് പ്രസിഡന്റിനോട് പ്രതിപക്ഷം. പ്രതിപക്ഷ പാർട്ടിയായ മാലദ്വീപ് ജുമൂരി പാർട്ടി (ജെ.പി) നേതാവ് ഖാസിം ഇബ്രാഹിമാണ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്. മുയിസുവിനെതിരെ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരാനുള്ള നീക്കങ്ങൾ നടക്കുന്നതിനിടെയാണ് ഖാസിം ഇബ്രാഹിം ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

‘ഒരു രാജ്യത്തേക്കുറിച്ചും, പ്രത്യേകിച്ച് അയൽരാജ്യത്തെ കുറിച്ച്, പരസ്പര ബന്ധത്തെ ബാധിക്കുന്ന തരത്തിൽ നമ്മൾ സംസാരിക്കാൻ പാടില്ല. നമ്മുടെ രാജ്യത്തോട് നമുക്കൊരു ബാധ്യതയുണ്ട്, അത് പരിഗണിക്കപ്പെടണം. മുൻ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹ് ഇക്കാര്യം പരിഗണിച്ചിരുന്നു. അതുകൊണ്ടാണ് അദ്ദേഹം ‘ഇന്ത്യ ഔട്ട്’ ക്യാമ്പെയിൻ നിരോധിച്ച് ഉത്തരവിറക്കിയതും. ഈ ഉത്തരവ് പിൻവലിക്കാൻ പാടില്ല. അങ്ങനെ ചെയ്താൽ രാജ്യത്തിനാണ് നഷ്ടം. അതുണ്ടാകാൻ പാടില്ല. അതിനാൽ അങ്ങനെ ചെയ്യരുതെന്ന് ഞാൻ മുയിസുവിനോട് ആവശ്യപ്പെടുകയാണ്. ഒപ്പം പ്രസിഡന്റ് മുയിസു ചൈന സന്ദർശനത്തിന് ശേഷം നടത്തിയ പരാമർശങ്ങൾക്ക് ഇന്ത്യൻ സർക്കാരിനോടും പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ഔദ്യോഗികമായി മാപ്പ് പറയണമെന്നും ഞാൻ ആവശ്യപ്പെടുന്നു’, ഖാസിം ഇബ്രാഹിം പറഞ്ഞു.

കഴിഞ്ഞ വർഷമാണ് അന്നത്തെ പ്രസിഡന്റ് ഇബ്രാഹിം സോലിഹ് ‘ഇന്ത്യ ഔട്ട്’ ക്യാമ്പെയിൻ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ഇറക്കിയത്. ദേശസുരക്ഷയ്ക്ക് ഭീഷണി എന്നുപറഞ്ഞാണ് അദ്ദേഹം ക്യാമ്പെയിൻ നിരോധിച്ചത്. ഇതുവഴി ക്യാമ്പെയിനിന്റെ ഭാഗമായ ബാനറുകൾ ഉൾപ്പെടെ നശിപ്പിക്കുകയും പ്രചാരണം നടത്തുന്ന പ്രതിപക്ഷ പാർട്ടികൾക്കെതിരെ നിയമനടപടിയെടുക്കുകയും ചെയ്തിരുന്നു.

ഇതിനിടെ, പ്രസിഡന്റ് മുയിസുവിനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം അവതരിപ്പിക്കാനുള്ള നീക്കവുമായി മുന്നോട്ടുപോകുകയാണ് എം.ഡി.പി. തിങ്കളാഴ്ച നടന്ന എം.ഡി.പി. പാർലമെന്ററി പാർട്ടി യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. 80-അംഗ പാർലമെന്റിൽ എം.ഡി.പിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിനാണ് ഭൂരിപക്ഷം.

Leave a Reply

Your email address will not be published. Required fields are marked *