ഷാൻ വധക്കേസ് പ്രതി ഉൾപ്പെടെയുള്ള ഗുണ്ടാ സംഘം പിടിയിൽ; പ്രതികളെ പിടികൂടിയത് ഗുണ്ടാനേതാവിന്റെ ജന്മദിനാഘോഷത്തിന് എത്തിയപ്പോൾ

കായംകുളത്തു ഗുണ്ടാനേതാവിന്റെ ജന്മദിനാഘോഷത്തിന് എത്തിയ 10 പേർ പിടിയിൽ. എസ്ഡിപിഐ നേതാവ് ഷാൻ വധക്കേസിൽ ജാമ്യത്തിലുള്ള പ്രതി അതുലും അറസ്റ്റിലായവരുടെ കൂട്ടത്തിലുണ്ട്. കരീലക്കുളങ്ങര പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കുപ്രസിദ്ധ ഗുണ്ടയായ നിധീഷിന്റെ പിറന്നാൾ ആഘോഷത്തിനിടെ പൊലീസ് വീടുവളഞ്ഞാണ് ഗുണ്ടകളെ പിടികൂടിയത്. 

ഗുണ്ടാ നേതാവ് നെടുവക്കാട്ട് നിതീഷ് കുമാർ (36), മണ്ണഞ്ചേരി ഒറ്റക്കണ്ടത്തിൽ അതുൽ (29), പത്തിയൂർ വിനീത് ഭവനം വിജീഷ് (30), കൃഷ്ണപുരം പുത്തൻപുര തെക്കേതിൽ അനന്ദു (20), മുളകുവള്ളി കുത്തനാപ്പിള്ളിൽ അലൻ ബെന്നി (27), തൃക്കല്ലൂർ വാലത്ത് പ്രശാൽ (29), കീരിക്കാട് വഞ്ചിയൂർ ഹബീസ് (32), പത്തിയൂർക്കാല വിമൽഭവനിൽ വിഷ്ണു (33), ചേരാവള്ളി കണ്ണങ്കര സെയ്ഫുദ്ദീൻ (38), മുട്ടം രാജേഷ് ഭവനം രാജേഷ് കുമാർ (45) എന്നിവരാണ് അറസ്റ്റിലായത്.

ഇവർക്കൊപ്പം ഉണ്ടായിരുന്ന കുപ്രസിദ്ധ ഗുണ്ടയും കൊലപാതക കേസിലെ പ്രതിയുമായ മാട്ട കണ്ണൻ, കുപ്രസിദ്ധ ഗുണ്ടകളായ തക്കാളി ആഷിഖ്, വിഠോബ ഫൈസൽ, ഡെയ്ഞ്ചർ അരുൺ, മയക്കുമരുന്ന് വിൽപന സംഘത്തിൽപ്പെട്ട ഗുണ്ടകളായ മോട്ടി എന്നു വിളിക്കുന്ന അമൽ ഫാറൂഖ് സേട്ട്, വിജയ്, കാർത്തികേയൻ എന്നിവർ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. ഗുണ്ടകൾ വന്ന വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു. ഇവരുടെ ഒത്തുചേരലിനു പിന്നിൽ മറ്റു ലക്ഷ്യങ്ങളുണ്ടോയെന്ന് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. 

Leave a Reply

Your email address will not be published. Required fields are marked *