ഇന്ത്യൻ ഉള്ളി കയറ്റുമതി നയത്തിൽ യാതൊരു മാറ്റവുമില്ലെന്നും കയറ്റുമതി നിരോധന മാർച്ച് 31വരെ തുടരുമെന്നുമുള്ള ഇന്ത്യൻ ഉപഭോക്തൃ കാര്യ സെക്രട്ടറി റോഹിത് കുമാർ സിങ്ങിന്റെ പ്രസ്താവന ഒമാനിൽ ഉള്ളി വില ഉയരാൻ കാരണമാക്കും. ഇന്ത്യൻ ഉള്ളി നിലച്ചതോടെ പാകിസ്താൻ ഉള്ളിയാണ് വിപണി പിടിച്ചിരുന്നത്. എന്നാൽ, പാകിസ്താൻ ഉള്ളിയുടെ വരവും കുറഞ്ഞതായി വ്യാപാരികൾ പറയുന്നു. റമദാൻ ആരംഭിക്കുന്നതോടെ ഉള്ളിയുടെ ഉപയോഗം ഗണ്യമായി ഉയരും. അതിനാൽ ഇന്ത്യയുടെ കയറ്റുമതി നിരോധന അവസാനിപ്പിച്ചില്ലെങ്കിൽ വില ഇനിയും ഉയരാൻ കാരണമാക്കുമെന്ന് വ്യാപാരികൾ പറയുന്നു. നിലവിൽ സുഡാൻ, യമൻ, ഇറാൻ, പാകിസ്താൻ എന്നീ രാജ്യങ്ങളുടെ ഉള്ളിയാണ് വിപണിയിലുള്ളത്.
വിദേശ രാജ്യങ്ങളിലേക്ക് ഉള്ളി കയറ്റുമതിക്ക് ഇന്ത്യ ഏർപ്പെടുത്തിയ നിരോധനത്തിന് അയവ് വരുത്തുന്നതായി കഴിഞ്ഞ ദിവസം വാർത്ത വന്നിരുന്നു. ആറ് രാജ്യങ്ങളിലേക്കുള്ള ഉള്ളി കയറ്റുമതി പുനരാരംഭിക്കുമെന്നാണ് വാർത്തകൾ വന്നിരുന്നത്. ബംഗ്ലദേശ്, ശ്രീലങ്ക, മൊറീഷ്യസ്, ഭൂട്ടാൻ, ബഹ്റൈൻ, നേപ്പാൾ എന്നീ രാജ്യങ്ങളിലേക്കുള്ള ഉള്ളി കയറ്റുമതിയാണ് പുനരാരംഭിക്കുന്നതെന്ന് ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്. മൂന്ന് ലക്ഷം മെട്രിക് ടൺ ഉള്ളി കയറ്റുമതി ചെയ്യുമെന്നാണ് റിപ്പോർട്ട് ചെയ്തിരുന്നത്. വാർത്തകൾ പ്രചരിച്ചതോടെ വില ഒറ്റ ദിവസം കൊണ്ട് ക്വിന്റലിന് 1280 രൂപയിൽനിന്ന് 1800 രൂപയായി വർധിച്ചു.