മിസിസ് ഇന്ത്യയുടെ അവസാന റൗണ്ടിൽ ഇടംനേടി കൊച്ചിക്കാരി നിമ്മി

ആഗോളതലത്തിൽ നടക്കുന്ന മിസിസ് ഇന്ത്യ മത്സരത്തിൽ അവസാന റൗണ്ടിൽ ഇടം നേടി കൊച്ചി ചെറായി സ്വദേശി നിമ്മി വെഗാസ്. വിദേശത്ത് ഓയിൽ ആൻഡ് ഗ്യാസ് മേഖലയിൽ ഇന്റഗ്രേറ്റർ അഡൈ്വസറായി പ്രവർത്തിക്കുന്നതിനിടയിലാണ് നിമ്മി മിസിസ് ഇന്ത്യ മത്സര രംഗത്തേക്ക് എത്തിയത്. ചെറായി സുഗേഷ് ബാബു- ഷീല ബാബു ദമ്പതികളുടെ രണ്ടാമത്തെ മകളാണ് നിമ്മി.

കുട്ടിക്കാലം മുതൽ നിറത്തിന്റെ പേരിലുള്ള ബോഡി ഷെയിമിങ് നേരിട്ട നിമ്മിയുടെ പ്രധാന വെല്ലുവിളി ആത്മവിശ്വാസത്തോടെ സമൂഹത്തിൽ ജീവിക്കുകയെന്നതായിരുന്നു. ഇത്തരം പരിഹാസങ്ങളെ അതിജീവിച്ചുകൊണ്ട് ഇഷ്ടമേഖലയിൽ മികവ് പുലർത്താൻ തനിക്കു സാധിച്ചതുപോലെ സമാന വെല്ലുവിളി നേരിടുന്ന യുവതലമുറയ്ക്ക് മാതൃകയായി അവരെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സരത്തിൽ പങ്കെടുക്കുന്നതെന്ന് നിമ്മി പറഞ്ഞു.

കഴിഞ്ഞ ഒമ്പത് വർഷമായി ഓയിൽ വ്യവസായ മേഖലയിൽ കാർബൺ മാനേജ്മെന്റ് വിഭാഗത്തിൽ പ്രവർത്തിക്കുന്ന നിമ്മി സമൂഹത്തിന് ഏറെ ഗുണകരമായ കാർബൺ തോത് കുറഞ്ഞ ഇന്ധനം വികസിപ്പിക്കുന്നതിലാണ് ഇപ്പോൾ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. കാർബൺ പുറംതള്ളൽ കുറച്ചുകൊണ്ട് ഹരിത ഭൂമി സൃഷ്ടിക്കുകയും തന്റെ ലക്ഷ്യമാണെന്ന് നിമ്മി വ്യക്തമാക്കി. മെയ് ആദ്യ വാരം ദുബായ് ഹിൽട്ടൻ അൽ സീഫ് ഹെറിറ്റേജ് ഹോട്ടലിലാണ് മിസിസ് ഇന്ത്യ ഫൈനൽ നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *