കട്ടപ്പന ഇരട്ടക്കൊല: കുഞ്ഞിനെ കൊന്നത് മൂക്കും വായും തുണികൊണ്ട് മൂടി, വിജയനെ കൊന്നത് തലയ്ക്കടിച്ച്

കട്ടപ്പന ഇരട്ട കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇതോടെ വിജയനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയെയും പ്രതിചേർത്തു. കേസിൽ പ്രതികളുടെ എണ്ണം മൂന്നായി. നിതീഷ്, വിജയന്റെ ഭാര്യ സുമ, മകൻ വിഷ്ണു എന്നിവരാണ് പ്രതികൾ. ചുറ്റികകാെണ്ട് തലയ്ക്കടിച്ചാണ് കൊല നടത്തിയതെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. നവജാത ശിശുവിനെ കൊന്ന കേസിൽ നിതീഷ്, വിജയൻ, മകൻ വിഷ്ണു എന്നിവരാണ് പ്രതികൾ.

എല്ലാവർക്കും എതിരെ കൊലപാതകം, തെളിവു നശിപ്പിക്കൽ. സംഘം ചേർന്നുള്ള കുറ്റകൃത്യം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വിജയനെയും നവജാത ശിശുവിനെയും കൊലപ്പെടുത്തിയതിന് നിതീഷിനെതിരെ രണ്ട് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിജയൻ കുഞ്ഞിനെ കാലിൽ പിടിച്ച് നൽകിയപ്പോൾ നിതീഷ് മൂക്കും വായും തുണികൊണ്ട് മൂടി ശ്വാസം മുട്ടിച്ചാണ് കൊലനടത്തിയത്. രഹസ്യ ബന്ധത്തിൽ ജനിച്ച കുഞ്ഞാണെന്ന് പുറത്തറിഞ്ഞാലുള്ള നാണക്കേട് ഒഴിവാക്കാനായിരുന്നു കൊല. തൊഴുത്തിലാണ് കുഞ്ഞിന്റെ മൃതദേഹം കുഴിച്ചുമൂടിയത്.

വിജയനെ കുഴിച്ചിട്ട വീടിന്റെ തറ ഇന്ന് കുഴിച്ച് പരിശോധിക്കും. ഇതോടെ കൊലപാതകം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വ്യക്തമാകും എന്നാണ് പൊലീസ് കരുതുന്നത്. മന്ത്രവാദത്തിന്റെയും നരബലിയുടെയും സാദ്ധ്യതകളും പൊലീസ് പരിശോധിക്കുണ്ട്.കാഞ്ചിയാർ പുത്തൻപുരയ്ക്കൽ നിതീഷ് (രാജേഷ്- 31),കക്കാട്ടുകട നെല്ലാനിക്കൽ വിഷ്ണു എന്നിവർ മോഷണക്കേസിൽ അറസ്റ്റിലായതോടെയാണ് ഇരട്ടക്കൊല സംബന്ധിച്ച് വിവരങ്ങൾ പുറത്തുവന്നത്. വിഷ്ണുവിന്റെ പിതാവ് വിജയനെയും വിഷ്ണുവിന്റെ സഹോദരിയുടെ നവജാത ശിശുവിനെയും രണ്ടു സന്ദർഭങ്ങളിലായി കൊലപ്പെടുത്തി കുഴിച്ചുമൂടുകയായിരുന്നു. ഇന്നലെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം ജില്ലാ പൊലീസ് മേധാവി വിഷ്ണുപ്രദീപിന്റെ നേതൃത്വത്തിൽ നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് നിതീഷ് കുറ്റം സമ്മതിച്ചത്.

സഹോദരിയുടെ നാലുദിവസം പ്രായമായ ശിശുവിനെ 2016ൽ കട്ടപ്പനയിൽ മുമ്പ് താമസിച്ചിരുന്ന വീട്ടിലാണ് കൊലപ്പെടുത്തി കുഴിച്ചുമൂടിയത്. ഒമ്പത് മാസങ്ങൾക്ക് മുമ്പാണ് വിജയനെ കൊലപ്പെടുത്തി കക്കാട്ട്കടയിലെ വീട്ടിനുള്ളിൽ കുഴിച്ചുമൂടിയത്. കഴിഞ്ഞ രണ്ടിനായിരുന്നു മോഷണക്കേസുമായി ബന്ധപ്പെട്ട് വിഷ്ണു വിജയനെയും നിതീഷ് രാജനെയും പൊലീസ് പിടികൂടിയത്. വിഷ്ണുവിന്റെ വീട്ടിൽ പരിശോധനയ്ക്ക് എത്തിയപ്പോൾ വിഷ്ണുവിന്റെ മാതാവിന്റെയും സഹോദരിയുടെയും സംസാരത്തിൽ ഉണ്ടായ അസ്വാഭാവികതയും വീട്ടിലെ സാഹചര്യങ്ങളിലും സംശയം തോന്നിയ പൊലീസ് നടത്തിയ വിശദമായി അന്വേഷണമാണ് ഇരട്ട കൊലപാതക കേസിലേക്ക് എത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *