പൗരത്വത്തിന് അപേക്ഷിക്കുമെന്ന് കേന്ദ്രമന്ത്രി; തിരഞ്ഞെടുപ്പിൽ മത്സരിച്ചതെങ്ങനെയെന്ന് ചോദ്യം

സി.എ.എ. നിയമപ്രകാരം താൻ പൗരത്വത്തിന് അപേക്ഷിക്കുമെന്ന കേന്ദ്ര സഹമന്ത്രി ശന്തനു ഠാക്കൂറിന്റെ പ്രഖ്യാപനം പശ്ചിമബംഗാളിലെ തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് പുതിയ ചർച്ചയ്ക്ക് വഴിയായി. അങ്ങനെയാണെങ്കിൽ കേന്ദ്ര സഹമന്ത്രിവരെയായത് പൗരത്വമില്ലാതെയാണോ എന്നാണ് രാഷ്ട്രീയ എതിരാളികളുടെ ചോദ്യം.

പൗരത്വനിയമ ഭേദഗതിയിലൂടെ ബി.ജെ.പി. പശ്ചിമബംഗാളിൽ ഏറ്റവുമധികം ഉന്നമിടുന്നത് മതുവ വിഭാഗക്കാരുടെ വോട്ടാണ്. കിഴക്കൻ പാകിസ്താനിലും പിന്നീട് ബംഗ്‌ളാദേശിലും മതുവ മഹാസംഘം എന്ന സംഘടനയുടെ രക്ഷാധികാരികൂടിയാണ് ശന്തനു. താനും തന്റെ അച്ഛനമ്മമാരും സ്വതന്ത്ര ഇന്ത്യയിലാണു ജനിച്ചത്, അതിനാൽ പൗരത്വത്തിന് അപേക്ഷിക്കുന്നില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യനിലപാട്. പക്ഷേ, ഇപ്പോൾ ശന്തനു പൗരത്വത്തിന് അപേക്ഷിക്കുമെന്നായി.

സി.എ.എ.യ്‌ക്കെതിരായ കുപ്രചാരണങ്ങളുടെ മുനയൊടിക്കാനാണ് അപേക്ഷ നൽകുന്നതെന്നാണ് വിശദീകരണം. ഏതാനും ദിവസംമുമ്പ് ഒരു ടി.വി. ചാനൽ ചർച്ചയിൽ തൃണമൂൽ നേതാവ് രാജീവ് ബാനർജി ശന്തനുവിനോട് ചില ചോദ്യങ്ങൾ ഉന്നയിച്ചു. പൗരത്വത്തിനുവേണ്ടി വാദിക്കുന്ന താങ്കൾ യഥാർഥത്തിൽ ഇന്ത്യൻ പൗരനല്ലേ? അല്ലെങ്കിൽ എങ്ങനെയാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ചതും മന്ത്രിയായതും? എങ്ങനെയാണ് വോട്ടവകാശം കിട്ടിയത്? രാജീവിനോടൊപ്പം മറ്റ് എതിർകക്ഷികളുടെ പ്രതിനിധികളും ചോദ്യശരങ്ങൾ തൊടുത്തതോടെ മന്ത്രി ക്ഷുഭിതനായി. വിവരവും വിദ്യാഭ്യാസവുമില്ലാത്തവരോട് ചർച്ചയ്ക്കില്ലെന്നു പറഞ്ഞ് ശന്തനു ചർച്ച ബഹിഷ്‌കരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *