കുട്ടിക്കാലത്ത് വല്ലപ്പോഴും മാത്രമാണ് തിയേറ്ററിൽ പോയി സിനിമ കണ്ടിരുന്നത്: അനശ്വര രാജൻ

ഉദാഹരണം സുജാതയിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ അനശ്വര രാജൻ ഇപ്പോൾ തെന്നിന്ത്യൻ സൂപ്പർ താരമാണ്. അന്യഭാഷയിൽ നിരവധി ചിത്രങ്ങളാണ് താരത്തിൻറേതായി ഒരുങ്ങുന്നത്. തൻറെ കുട്ടിക്കാലത്തെയും സ്‌കൂൾ ജീവിതത്തെയും കുറിച്ചു താരം തുറന്നുപറഞ്ഞത് ആരാധകർ ഏറ്റെടുത്തു. അനശ്വര പറഞ്ഞത്:

”ആറാം ക്ലാസ് മുതൽ ഞാൻ മോണോ ആക്ടിൽ പങ്കെടുക്കുമായിരുന്നു. ആദ്യ മത്സരത്തിൽ എനിക്ക് മൂന്നാം സമ്മാനം കിട്ടി. കാരണം മറ്റു കുട്ടികളൊക്കെ നന്നായി പ്രാക്ടീസ് ചെയ്തിട്ടാണ് മത്സരിച്ചത്. എനിക്കാണെങ്കിൽ നാട്ടിലെ ഒരു മാഷിൻറെ സഹായം മാത്രമാണ് ഉണ്ടായിരുന്നത്. ഞാൻ തനിയെ പഠിച്ചതാണ്. സമ്മാനം കിട്ടിയപ്പോൾ എനിക്കു സന്തോഷം തോന്നി. എട്ടാം ക്ലാസ് വരെ മോണോ ആക്ട് ചെയ്തു. പത്തിൽ ഇംഗ്ലീഷ് സ്‌കിറ്റിൽ പങ്കെടുത്തു.

കുട്ടിക്കാലത്ത് വല്ലപ്പോഴും മാത്രമാണ് തിയേറ്ററിൽ പോയി സിനിമ കണ്ടിരുന്നത്. വർഷത്തിലൊരിക്കലോ മറ്റോ. പക്ഷേ ടിവിയിൽ കാണും. ഞാൻ കുഞ്ഞായിരിക്കുമ്പോൾ കണ്ട സിനിമ നേരറിയാൻ സിബിഐ ആണ്. എനിക്ക് ഓർമയില്ല കേട്ടോ. ഞാൻ കൈക്കുഞ്ഞായിരുന്നു. അമ്മ പറഞ്ഞിട്ടുള്ളതാണ്. എൻറെ ഓർമയിലുള്ള സിനിമ എൽസമ്മ എന്ന ആൺകുട്ടിയാണ്.

നാട്ടിൻപുറത്തെ ഒരു മിഡിൽ ക്ലാസ് ഫാമിലിയാണ് എൻറേത്. സിനിമ എന്നെ സംബന്ധിച്ചിടത്തോളം മറ്റൊരു ലോകമാണ്. അപ്പോൾ സിനിമയിൽ വരണം എന്ന ചിന്തയൊന്നും കുട്ടിക്കാലത്ത് ഉണ്ടായിരുന്നില്ല. ഗ്ലോബ് എന്ന ഒരു ഷോർട്ട് ഫിലിമിൽ അഭിനയിച്ച ശേഷമാണ് സിനിമയെപ്പറ്റി ചിന്തിക്കുന്നത് തന്നെ. സിനിമയിൽ എത്തിയാൽ എങ്ങനെയിരിക്കും എന്നു ചിന്തിച്ചു, അത്ര മാത്രം. പക്ഷേ, അഭിനയിക്കണം എന്ന ആഗ്രഹമൊന്നും ഉണ്ടായിരുന്നില്ല. ഷോർട്ട് ഫിലിമിൽ നന്നായിട്ടുണ്ടെന്നു പറഞ്ഞതുകൊണ്ട് ചിന്തിച്ചെന്നേയുള്ളൂ”- അനശ്വര പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *