കുവൈത്തില്‍ ബയോമെട്രിക്‌സ് എൻറോൾമെന്റ് പൂര്‍ത്തിയാക്കാന്‍ രണ്ട് മാസം കൂടി

കുവൈത്തില്‍ ബയോമെട്രിക്‌സ് എൻറോൾമെന്റ് പൂര്‍ത്തിയാക്കാന്‍ രണ്ട് മാസം കൂടി. സ്വദേശികളും പ്രവാസികളും ജൂണ്‍ ഒന്നിന് മുമ്പായി ബയോമെട്രിക് രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കണം. രാജ്യത്ത് ഇതുവരെ 18 ലക്ഷം പേരാണ് ബയോമെട്രിക്‌സ് പൂര്‍ത്തിയാക്കിയത്. ഇതില്‍ 9 ലക്ഷത്തിലേറെ പേര്‍ സ്വദേശികളാണ്. മെറ്റ വെബ്‌സൈറ്റ് വഴിയോ സഹല്‍ ആപ്പ് വഴിയോ ബയോമെട്രിക് വിരലടയാളത്തിനായി ബുക്ക് ചെയ്യേണ്ടത്. ജൂണ്‍ ഒന്ന് മുതല്‍ കര-വ്യോമ അതിര്‍ത്തികള്‍ വഴി രാജ്യത്തേക്ക് പ്രവേശിക്കുന്നവര്‍ ബോര്‍ഡറില്‍ നിന്നും ബയോമെട്രിക് വിവരങ്ങള്‍ നല്‍കണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എന്നാല്‍ ബയോമെട്രിക് എൻറോൾമെന്റിന് വിസമ്മതിക്കുന്നവരെ രാജ്യത്ത് പ്രവേശിപ്പിക്കില്ലെന്നും അവരെ തിരികെ അയക്കുമെന്നും ആഭ്യന്തര മന്ത്രാലയം അണ്ടര്‍സെക്രട്ടറി ലെഫ്റ്റനന്റ് ജനറല്‍ ഷെയ്ഖ് സലേം അല്‍-നവാഫ് പറഞ്ഞു.

സ്വദേശികളുടേയും വിദേശികളുടേയും ബയോമെട്രിക് ഡാറ്റ പൂര്‍ത്തിയാക്കുന്നതോടെ വിവിധ അറബ് രാജ്യങ്ങളുമായും ഇന്റര്‍പോള്‍ അടക്കമുള്ള സ്ഥാപനങ്ങളുമായും സുരക്ഷാ കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. അതോടൊപ്പം രാജ്യത്തേക്ക് വ്യാജ പാസ്പോര്‍ട്ടുകള്‍ ഉപയോഗിച്ച് പ്രവേശിക്കാന്‍ ശ്രമിക്കുന്നവരെയും ബയോമെട്രിക് ഡാറ്റാബേസിലൂടെ കണ്ടെത്താന്‍ കഴിയും.

ആഗോള അടിസ്ഥാനത്തില്‍ നിരവധി രാജ്യങ്ങളില്‍ യാത്രക്കാരുടെ പ്രവേശനത്തിനും പുറത്തുകടക്കലിനും ബയോമെട്രിക് ഫിംഗര്‍പ്രിന്റ് നിര്‍ബന്ധമാണ്. ജൂണ്‍ ഒന്നു മുതല്‍ ബയോമെട്രിക് വിരലടയാള പ്രക്രിയ പൂര്‍ത്തിയാക്കാത്ത വ്യക്തികള്‍ക്ക് ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കും. ഇതോടെ നടപടി പൂര്‍ത്തീകരിക്കാത്തവരുടെ റെസിഡന്‍സി പെര്‍മിറ്റ്, വാഹന രജിസ്‌ട്രേഷന്‍, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയ എല്ലാ സേവനങ്ങളും തടസ്സപ്പെടും.

Leave a Reply

Your email address will not be published. Required fields are marked *