മണിപ്പൂർ സംഘർഷം തുടങ്ങിയിട്ട് നാളേക്ക് ഒരു വർഷം ; സമ്പൂർണ അടച്ചിടലിന് ആഹ്വാനം ചെയ്ത് കുക്കി സംഘടന

നാളെ മണിപ്പൂർ സംഘർഷത്തിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് സംസ്ഥാനത്ത് സമ്പൂർണ അടച്ചിടലിന് കുക്കി സംഘടന ആഹ്വാനം ചെയ്തു. സദർ ഹിൽസിലെ കമ്മിറ്റി ഓൺ ട്രൈബൽ യൂണിറ്റിയുടേതാണ് ആഹ്വാനം. സംഘർഷത്തിൽ മരിച്ച കുക്കി വിഭാഗത്തിൽപെട്ടവരെ അനുസ്മരിക്കാനും കാങ്‌പോക്പി ജില്ലയിലെ ഫൈജാങ് ഗ്രാമത്തിലെ രക്തസാക്ഷികളുടെ സെമിത്തേരിയിൽ ഒത്തു കൂടാൻ കുക്കി സംഘടന ആഹ്വാനം ചെയ്തു.

ഇന്ന് അർധരാത്രി മുതൽ നാളെ അർധരാത്രി വരെയാണ്‌ അടച്ചിടൽ. പ്രതിഷേധത്തിന്റെ ഭാ​ഗമായി വീടുകളിൽ കരിങ്കൊടി ഉയർത്തും. വൈകുന്നേരം 7 മണി മുതൽ മെഴുകുതിരി കത്തിച്ച് പ്രകടനവുമുണ്ടാകും. കൊല്ലപ്പെട്ടവർക്ക് ആദരമായി ഗൺ സല്യൂട്ട് നൽകാനും, കറുത്ത വസ്ത്രം ധരിക്കാനും ആഹ്വാനമുണ്ട്.ദേശീയ പാതയോരങ്ങളിലും ബസാർ മേഖലകളിലും മെഴുകുതിരി തെളിച്ച് പ്രകടനം നടത്തും.

2023 മെയ് മൂന്നിനാരംഭിച്ച കുക്കി-മെയ്‌തെയ് സംഘടനകളുടെ സംഘര്‍ഷത്തില്‍ ഇരുനൂറിലധികം പേരാണ് കൊല്ലപ്പെട്ടത്. 60000ത്തിലധികം പേര്‍ വീടും വാസസ്ഥലവും നഷ്ടപ്പെട്ട് പലായനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *