അമ്മ ഏൽപ്പിച്ച ദൗത്യം, അമേഠിയും, റായ്ബറേലിയും കുടുംബം; വൈകാരിക പ്രതികരണവുമായി രാഹുൽ ഗാന്ധി

ലോക്‌സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി നാമനിർദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെ വൈകാരിക പ്രതികരണവുമായി രാഹുൽ ഗാന്ധി. അമ്മ ഏൽപിച്ച ദൗത്യമാണെന്നാണ് രാഹുൽ പ്രതികരിച്ചത്. അതുകൊണ്ടാണ് റായ്ബറേലിയിൽ മത്സരിക്കാൻ തീരുമാനിച്ചതെന്നും രാഹുൽ വ്യക്തമാക്കി. അമേഠിയും, റായ്ബറേലിയും തന്റെ കുടുംബമാണെന്നും എല്ലാവരുടെയും അനുഗ്രഹം വേണമെന്നും രാഹുൽ കൂട്ടിച്ചേർത്തു.

റായ്ബറേലിയിൽ നിന്നുമുള്ള നോമിനേഷൻ എന്നെ സംബന്ധിച്ചിടത്തോളം ഒരു വികാര നിർഭര നിമിഷമായിരുന്നു. ഉത്തരവാദിത്തം അമ്മ എന്നെ ഏൽപ്പിക്കുകയായിരുന്നു. അമേഠിയും റായ്ബറേലിയും എനിക്ക് വ്യത്യസ്തമല്ല. രണ്ടും എന്റേതാണ്. 40 വർഷമായി പാർട്ടിയിൽ പ്രവർത്തിക്കുന്ന കിഷോരി ലാൽ അമേഠിയിൽ നിന്ന് പാർട്ടിയെ പ്രതിനീധികരിക്കുന്നതിൽ എനിക്കും കുടുംബത്തിനും സന്തോഷമുണ്ട്, രാഹുൽ എക്സിൽ കുറിച്ചു. രാഹുൽ ഗാന്ധി അമേഠിയിൽ നിന്ന് റായ്ബറേലിയിലേക്ക് മാറിയതിൽ വിമർശനവുമായി പ്രധാനമന്ത്രിയടക്കം രംഗത്തെത്തിയിരുന്നു. രാഹുൽ ഭയന്നോടിയതാണെന്നാണ് നരേന്ദ്ര മോദി പറഞ്ഞത്. അമേഠിയിൽ മത്സരിക്കാൻ രാഹുലിന് ഭയമാണ്, ഭയപ്പെടരുതെന്ന് ജനങ്ങളോട് പറയുന്ന രാഹുൽ തന്നെ ഭയന്നോടിയിരിക്കുകയാണെന്നും നരേന്ദ്ര മോദി പരിഹസിച്ചിരുന്നു. ഭയന്നോടരുത് എന്നാണ് തനിക്ക് രാഹുൽ ഗാന്ധിയോട് പറയാനുള്ളതെന്നും രാഹുൽ രണ്ടാം മണ്ഡലം തേടിപ്പോകുമെന്ന് താൻ നേരത്തെ പ്രവചിച്ചതാണെന്നും മോദി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽ വൈകാരികമായി പ്രതികരിച്ച് രംഗത്തെത്തിയത്.

ഉച്ചയോടെയാണ് സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ തുടങ്ങിയവർക്കൊപ്പം റായ്ബറേലിയിലെത്തിയാണ് രാഹുൽ ഗാന്ധി നാമനിർദേശ പത്രിക നൽകിയത്. റായ്ബറേലിയിലെത്തിയ രാഹുലിന് വലിയ സ്വീകരണമാണ് പ്രവർത്തകർ നൽകിയത്. വയനാട് ലോക്സഭ മണ്ഡലത്തിന് പുറമെയാണ് രണ്ടാം സീറ്റായി റായ്ബറേലിയിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നത്. ഗാന്ധി കുടുംബത്തിൽ നിന്നും ഇന്ദിരാഗാന്ധിയും ഫിറോസ് ഗാന്ധിയും റായ്ബറേലിയെ പ്രതിനിധീകരിച്ച് ലോക്സഭയിലെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *