പ്രസവശസ്ത്രക്രിയിക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; തുടർ ചികിത്സയ്ക്ക് പണപ്പിരിവിന് ഒരുങ്ങി ഹർഷിന

വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ കോഴിക്കോട് പന്തീരങ്കാവ് സ്വദേശി ഹർഷിന തുടർചികിത്സക്ക് പണം കണ്ടെത്താൻ ക്രൗഡ് ഫണ്ടിങ്ങിന് ഇറങ്ങുന്നു. പണം സ്വരൂപിക്കാൻ ഈ മാസം 15 മുതൽ സമര സമിതി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങും. സർക്കാർ വാഗ്ദാനം ചെയ്ത ഒരു സഹായവും പിന്തുണയും ഇതുവരെ കിട്ടിയിട്ടില്ലെന്ന് ഹർഷിന പറഞ്ഞു.

മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഹര്‍ഷിനയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയത്. 2017ലാണ് സംഭവം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ചായിരുന്നു ശസ്ത്രക്രിയ.

ഇതിന് ശേഷം പലപ്പോഴായി ഇവര്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. അഞ്ച് വര്‍ഷത്തോളം പ്രയാസങ്ങളുമായി തുടര്‍ന്നതിന് ശേഷം നടത്തിയ സ്കാനിംഗിലൂടെയാണ് വയറ്റിനുള്ളില്‍ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയതാണ് പ്രശ്നമായതെന്ന് കണ്ടെത്തിയത്.ഇതോടെയാണ് മെഡിക്കല്‍ കോളേജിനെതിരെ ഇവര്‍ രംഗത്ത് വന്നത്. ശസ്ത്രക്രിയയിലൂടെ സര്‍ജിക്കല്‍ ഉപകരണം എടുത്തുകളഞ്ഞെങ്കിലും അതിന് ശേഷം ആരോഗ്യപ്രശ്നങ്ങളും അനുബന്ധ പ്രയാസങ്ങളും പതിവാണെന്നാണ് ഇവര്‍ പറയുന്നത്.

കത്രിക കുടുങ്ങിയത് മെഡിക്കല്‍ കോളേജില്‍ വച്ച് അല്ലെന്ന് സര്‍ക്കാര്‍ വാദമുണ്ടായെങ്കിലും അന്വേഷണത്തിനൊടുവില്‍ മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാരെയും രണ്ട് നഴ്സുമാരെയും തന്നെയാണ് കുറ്റക്കാരായി പൊലീസ് കണ്ടെത്തിയത്. ഇതോടെ അന്ന് നൂറിലധികം ദിവസം മെഡിക്കല്‍ കോളേജിന് മുമ്പില്‍ ഹര്‍ഷിന നടത്തിവന്ന സമരം അവസാനിപ്പിച്ചു. എന്നാല്‍ കേസില്‍ പിന്നീട് തുടര്‍നടപടികളൊന്നും ഉണ്ടായിട്ടില്ല.

സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ഒരു സഹായവും ലഭിച്ചില്ല എന്നത് ഹര്‍ഷിന മുമ്പും പല തവണ ആവര്‍ത്തിച്ചിട്ടുള്ളതാണ്. ഇപ്പോള്‍ വീണ്ടും തനിക്ക് ആരോഗ്യപ്രശ്നങ്ങളാണ്. ചികിത്സയ്ക്ക് പലപ്പോഴും ഏറെ പ്രയാസപ്പെടുകയാണ്. നേരത്തെ ശസ്ത്രക്രിയ ചെയ്ത ഭാഗത്ത് വീണ്ടും കൊഴുപ്പ് അടിഞ്ഞുകൂടിയതിനാല്‍ അടിയന്തര ശസ്ത്രക്രിയ വേണം. വലിയ പണച്ചെലവ് വരുന്ന ശസ്ത്രക്രിയയ്ക്ക് ഇനി സര്‍ക്കാര്‍ ആശുപത്രിയെ ആശ്രയിക്കില്ല എന്നുമാണ് ഹര്‍ഷിന പറയുന്നത്.

സമരസമിതിയുടെ നേതൃത്വത്തിൽ ഈ മാസം 15ന് കോഴിക്കോട് കിഡ്സൺ കോർണറിൽ നിന്ന് ധനസമാഹരണം തുടങ്ങാനാണ് തീരുമാനം. ചികിത്സക്കും നിയമ പോരാട്ടത്തിനുമുള്ള പണം ഇതിലൂടെ കണ്ടെത്താമെന്നാണ് ഇവരുടെ പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *