‘മോദി ഗ്യാരണ്ടിയുടെ വാറന്റി കഴിഞ്ഞു’ ; ഇന്ത്യ മുന്നണി അധികാരത്തിൽ വരുമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ സഖ്യം 272ലധികം സീറ്റുകള്‍ നേടുമെന്നും കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും തെലങ്കാന മുഖ്യമന്ത്രി എ.രേവന്ത് റെഡ്ഡി. മോദിയുടെ ഗ്യാരണ്ടിയുടെ വാറന്‍റി കാലഹരണപ്പെട്ടുവെന്നും അദ്ദേഹം പിടിഎക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

”ഞാന്‍ കേരളം, കര്‍ണാടക എന്നിവിടങ്ങളിലും ഉത്തര്‍പ്രദേശിലെ ചിലയിടങ്ങളിലും പോയിരുന്നു. ആന്ധ്രാപ്രദേശിൽ നിന്നും തെലങ്കാനയിൽ നിന്നും തെരഞ്ഞെടുപ്പുകളെക്കുറിച്ചുള്ള വിവരങ്ങൾ എനിക്ക് ലഭിക്കുന്നുണ്ട്.മോദിയുടെ ഗ്യാരണ്ടിയുടെ വാറന്‍റി കഴിഞ്ഞു. വാറന്റി കാലഹരണപ്പെടുമ്പോൾ മോദിക്ക് വോട്ട് ചെയ്യാന്‍ ആളുകള്‍ മടിക്കും. അതുകൊണ്ടാണ് രാജ്യത്ത് ഒരു മാറ്റം ദൃശ്യമായിരിക്കുന്നത്” രേവന്ത് വിശദമാക്കി. 400 സീറ്റ് നേടുമെന്ന ബി.ജെ.പിയുടെ അവകാശവാദത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇന്‍ഡ്യ മുന്നണി സര്‍ക്കാര്‍ രൂപീകരിക്കുമെന്നായിരുന്നു തെലങ്കാന മുഖ്യമന്ത്രിയുടെ പ്രതികരണം.”കേരളത്തിൽ 20 സീറ്റുകളും തമിഴ്‌നാട്ടിൽ 39ൽ 39 സീറ്റുകളും പോണ്ടിച്ചേരിയിൽ ഒരു സീറ്റും കർണാടകയിൽ കുറഞ്ഞത് 14 സീറ്റുകളും തെലങ്കാനയിൽ 14 സീറ്റുകളും ഞങ്ങൾ നേടും. ഇന്‍ഡ്യ മുന്നണി 272 എന്ന മാജിക് നമ്പറിലെത്തുമെന്നും ” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് ഒരിക്കലും കേവലം മുദ്രാവാക്യങ്ങള്‍ക്കായി സംസാരിക്കാറില്ലെന്നും രേവന്ത് പറഞ്ഞു. പ്രതിവർഷം രണ്ട് കോടി തൊഴിലവസരങ്ങൾ, കള്ളപ്പണം തിരികെ കൊണ്ടുവരിക, പാവപ്പെട്ടവരുടെ അക്കൗണ്ടിൽ 15 ലക്ഷം രൂപ നിക്ഷേപിക്കുക, കർഷകരുടെ വരുമാനം ഇരട്ടിപ്പിക്കുക തുടങ്ങിയ വാഗ്ദാനങ്ങൾ ബി.ജെ.പി നടപ്പാക്കിയില്ലെന്ന് അദ്ദേഹം ആരോപിച്ചു.റായ്ബറേലിയിലും വയനാട്ടിലും വിജയിച്ചാൽ ഏത് സീറ്റാണ് രാഹുൽ ഗാന്ധി നിലനിർത്തേണ്ടതെന്ന ചോദ്യത്തിന്, ജനങ്ങൾക്കും രാജ്യത്തിനും നല്ലത് എന്താണെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയാണ് തീരുമാനിക്കേണ്ടതെന്ന് റെഡ്ഡി പറഞ്ഞു. രാഹുല്‍ റായ്ബറേലിയില്‍ വിജയിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി അമേഠിയിൽ മത്സരിക്കണമായിരുന്നോ എന്ന ചോദ്യത്തിന്, ആര് എവിടെ നിന്ന് മത്സരിക്കണമെന്ന് പാർട്ടിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് തീരുമാനിക്കേണ്ടതെന്നും രേവന്ത് വ്യക്തമാക്കി.

ഇന്‍ഡ്യ മുന്നണി അധികാരത്തില്‍ വരുമെന്നും താനും മറ്റ് പാർട്ടി നേതാക്കളും രാഹുലിനെ പ്രധാനമന്ത്രിയാക്കാൻ കഠിനമായി പരിശ്രമിക്കുകയാണെന്ന് റെഡ്ഡി പറഞ്ഞു.രാഹുൽ ഗാന്ധിക്ക് പ്രതിപക്ഷത്തിരുന്ന് അനുഭവപരിചയമുണ്ടെന്നും രാജ്യത്തുടനീളം പദയാത്ര നടത്തി രാജ്യത്തെ നന്നായി മനസ്സിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രോഹിത് വെമുല കേസിൽ പുനരന്വേഷണം വേണമെന്ന ആവശ്യത്തിൽ തന്റെ സർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടുണ്ടെന്നും രേവന്ത് റെഡ്ഡി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *