കനത്ത വരൾച്ച; സംസ്‌ഥാനത്ത് 257 കോടിയുടെ കൃഷിനാശം

കനത്ത വരൾച്ചയിൽ സംസ്‌ഥാനത്തു 257 കോടി രൂപയുടെ കൃഷി നാശം ഉണ്ടായതായി കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു.  ദുരിതത്തിലായ കർഷകരെ സഹായിക്കാൻ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു. ഇടുക്കിയിൽ വൻതോതിൽ കൃഷി നാശമുണ്ടായ പ്രദേശങ്ങളിൽ മന്ത്രി സന്ദർശനം നടത്തി.

വരൾ മൂലം ഇടുക്കിയിലുണ്ടായ കൃഷി നാശം വിലയിരുത്താനുള്ള മന്ത്രിമാരുടെ സന്ദർശനം കുമളി പഞ്ചായത്തിൽ നിന്നാണ് തുടങ്ങിയത്. കൃഷി മന്ത്രി പി പ്രസാദിനൊപ്പം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും ജനപ്രതിനിധികളും കൃഷി വകുപ്പ് ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. നാശ നഷ്ടം സംബന്ധിച്ച പ്രാഥമിക കണക്ക് കൃഷി വകുപ്പ് മന്ത്രിക്ക് സമർപ്പിച്ചിരുന്നു.

ജില്ലയിൽ വിവിധ ഭാഗത്തുണ്ടായ കൃഷി നാശം സംഘം വിലയിരുത്തി.  സംസ്ഥാനത്ത് 257 കോടിയുടെ കൃഷി നാശമുണ്ടായതിൽ 175 കോടിയും ഇടുക്കിയിലാണ്.  ഏറ്റവും കൂടുതൽ നശിച്ചത് ഏലം കൃഷിയാണ്. 40550 ഏക്കർ. ഏലത്തട്ടകൾ കിട്ടാനില്ലാത്തതിനാൽ റീപ്ലാൻറിംഗ് നടത്താൻ പോലും കഴിയാത്ത അവസ്ഥയിലാണ് കർഷകർ.

കർഷക സംഘടനകളിൽ നിന്നും രാഷ്ട്രീയ നേതാക്കളിൽ നിന്നും മന്ത്രിമാ‍ർ വിവരങ്ങൾ ശേഖരിച്ചു.  ജില്ലക്കായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന ആവശ്യം യോഗത്തിൽ കർഷകർ ഉന്നയിച്ചു.സ്‌പൈസസ് ബോർഡ് അടക്കമുള്ള ബോർഡുകൾ പ്രശ്നത്തിൽ ഇടപെടുന്നില്ലെന്ന ആരോപണവും ഉയർന്നു.

Leave a Reply

Your email address will not be published. Required fields are marked *