ലോക്സഭാ തെരഞ്ഞെടുപ്പ് ഫണ്ട് മണ്ഡലം പ്രസിഡന്റുമാർ മുക്കി: രാജ്‌മോഹൻ ഉണ്ണിത്താൻ

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫണ്ട് പാർട്ടിക്കാർ മുക്കിയെന്ന ആരോപണവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ. കാസർകോട് ലോക്സഭാ മണ്ഡലത്തിൽ ബൂത്ത് കമ്മിറ്റികൾക്ക് നൽകാൻ ഏൽപ്പിച്ച പണമാണ് ചില മണ്ഡലം പ്രസിഡന്റുമാർ മുക്കിയതെന്നും പണം തട്ടിയെടുത്തവരെ അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി ഓഫീസിൽ നടന്ന പരിപാടിയിലാണ് ഫണ്ട് മുക്കിയെന്ന ആരോപണം അദ്ദേഹം ഉന്നയിച്ചത്. ഒപ്പം ഫണ്ട് മുക്കിയ ആരെയും വെറുതെ വിടില്ലെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.

‘തെരഞ്ഞെടുപ്പിന് ബ്ലോക്ക് കമ്മിറ്റിക്ക് കൊടുക്കേണ്ട പൈസയും മണ്ഡലം കമ്മിറ്റിക്ക് കൊടുക്കേണ്ട പൈസയും കൃത്യമായി കൊടുത്തു. എന്നാൽ ബൂത്ത് കമ്മിറ്റികൾക്ക് കൊടുക്കാൻ നൽകിയ പണമാണ് ചില മണ്ഡലം പ്രസിഡന്റുമാർ മുക്കിയത്. അവരെയെല്ലാം ഞങ്ങൾ പിടിച്ചിട്ടുണ്ട്. ഡിസിസി പ്രസിഡന്റിനും ഇക്കാര്യമറിയാം. അതുകൊണ്ട് ആരെയും വെറുതെ വിടുന്ന പ്രശ്‌നമില്ല,’ രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. പ്രസംഗം കോൺഗ്രസ് പ്രവർത്തകൻ ക്യാമറയിൽ ചിത്രീകരിച്ചിരുന്നു. പ്രസംഗത്തിനിടെ ഇക്കാര്യം ശ്രദ്ധിച്ച രാജ്‌മോഹൻ ഉണ്ണിത്താൻ വീഡിയോ ചിത്രീകരിക്കുന്നത് നിർത്താനും ചിത്രീകരിച്ച ഭാഗം ഡിലീറ്റ് ചെയ്യാനും ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *