പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്ത് പൊങ്ങിയ സംഭവം ; കളക്ടറോട് റിപ്പോർട്ട് തേടി മന്ത്രി പി.രാജീവ്

പെരിയാറിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തിൽ ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടിയെന്ന് മന്ത്രി പി രാജീവ്. അസിസ്റ്റന്റ് കളക്ടറുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിച്ച് അന്വേഷണം നടത്തുന്നുണ്ടെന്നും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സംഭവത്തിൽ ഫിഷറീസ് മന്ത്രി ഫിഷറീസ് വകുപ്പ് ഡയറക്ടറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. അടിയന്തര റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം. സംഭവത്തിൽ കോടികളുടെ നഷ്ടമുണ്ടായെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു. 150ഓളം മത്സ്യക്കൂടുകളിൽ വിഷജലം നാശം വിതച്ചിട്ടുണ്ടെന്നാണ് കണക്കുകൂട്ടൽ. മത്സ്യകർഷകർക്ക് അടിയന്തമായി സമാശ്വാസം എത്തിക്കണമെന്നാണ് ഫിഷറീസ് വകുപ്പിന്റെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്.

വരാപ്പുഴ, കടമക്കുടി, ചേരാനെല്ലൂർ പഞ്ചായത്തുകളിലാണ് വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വരാപ്പുഴ പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായതെന്നാണ് കണക്കുകൾ പറയുന്നു. 25 ലക്ഷം രൂപയിലധികം കർഷകന് ശരാശരി നഷ്ടമുണ്ടായി. വിഷജലം കൊച്ചി കോർപറേഷൻ പരിധിയിലും എത്തിയിട്ടുണ്ടെന്നും ഫിഷറീസ് വകുപ്പ് പറയുന്നുണ്ട്.

അതേസമയം മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയതിൽ ഏലൂരിൽ മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസിന് മുന്നിൽ വലിയ പ്രതിഷേധമാണ് നടക്കുന്നത്. ചത്ത മീനുകൾ ഓഫീസിലേക്ക് പ്രതിഷേധക്കാർ വലിച്ചെറിയുകയും ചെയ്തു. സമരം ചെയ്തവരും പൊലീസും തമ്മിൽ‌ ഉന്തുംതള്ളും വാക്കേറ്റവുമുണ്ടാവുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *