ഇന്ത്യന്‍ ടീമിന്‍റെ രണ്ടാം സംഘം അമേരിക്കയിലേക്ക്; കോലിയും സഞ്ജുവും പാണ്ഡ്യയും വിട്ടുനിൽക്കും

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്‍റെ രണ്ടാമത്തെ സംഘം നാളെ യാത്ര തിരിക്കാനിരിക്കുകയാണ്. പക്ഷെ അമേരിക്കയിലേക്ക് പോകുന്ന രണ്ടാമത്തെ സംഘത്തിനൊപ്പം വിരാട് കോലിയും സഞ്ജു സാംസണും ഹാര്‍ദ്ദിക് പാണ്ഡ്യയും ഉണ്ടാവില്ല. ഐപിഎൽ എലിമിനേറ്ററിന് ശേഷം ഒരു ഇടവേള കോലി ആവശ്യപ്പെട്ടിരുന്നു. 30ന് മാത്രമെ കോലി അമേരിക്കയിലേക്ക് പോകു എന്നാണ് സൂചന. ഇപ്പോൾ കോലി കുടുംബത്തോടൊപ്പമാണുള്ളത്. ഇതോടെ ജൂണ്‍ ഒന്നിന് ബംഗ്ലാദേശിനെതിരെ നടക്കുന്ന ലോകകപ്പ് സന്നാഹ മത്സരത്തില്‍ കോലി കളിക്കില്ലെന്ന് ഉറപ്പായി.

ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ കളിച്ച രാജസ്ഥാന്‍ റോയൽസ് നായകന്‍ സഞ്ജു സാംസണാകട്ടെ വ്യക്തിപരമായ കാരണങ്ങളാലാണ് രണ്ടാമത്തെ സംഘത്തോടൊപ്പം യാത്രതിരിക്കാത്തത്. വ്യക്തിപരമായ കാര്യങ്ങൾക്കായി സഞ്ചുവിന് ദുബായിലേക്ക് പേകേണ്ടതുണ്ട്. ടീമിനൊപ്പം പിന്നീട് ചേരാമെന്ന സഞ്ജുവിന്‍റെ അപേക്ഷയും ബിസിസിഐ അംഗീകരിച്ചിട്ടുണ്ട്. എന്നാണ് സഞ്ചു അമേരിക്കയിലേക്ക് പോവുക എന്ന് വ്യക്തമാക്കിയട്ടില്ല.

അതേസമയം, വിവാഹമോചന വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ഇപ്പോള്‍ ലണ്ടനിലാണ് ഉള്ളതെന്നും പിന്നീട് ഇന്ത്യന്‍ ടീമിനൊപ്പം ചേരുമെന്നുമാണ് റിപ്പോര്‍ട്ട്. ഇതോടെ കോലിയ്ക്കും സഞ്ജുവിനുമൊപ്പം പാണ്ഡ്യയും സന്നാഹമത്സരത്തില്‍ കളിക്കാനുള്ള സാധ്യത മങ്ങി.

Leave a Reply

Your email address will not be published. Required fields are marked *