ഡൽഹിയിലെ കുട്ടികളുടെ ആശുപത്രിയിൽ ഉണ്ടായ തീപിടുത്തം ; ഡോക്ടർക്ക് ലൈസൻസില്ല, കണ്ടെത്തിയത് ഗുരുതര വീഴ്ചകൾ

ഡൽഹി വിവേക് നഗറിൽ തീപിടിത്തം ഉണ്ടായ ആശുപത്രിയിൽ അടിയന്തര സാഹചര്യത്തിൽ പുറത്തിറങ്ങാൻ ഉള്ള വാതിലുകൾ ഉണ്ടായിരുന്നില്ലെന്ന് പൊലീസ്. കുട്ടികളെ പരിശോധിച്ചിരുന്ന ഡോക്ടർക്ക് ലൈസൻസ് ഉണ്ടായിരുന്നില്ലെന്നും പൊലീസ് കണ്ടെത്തി. ഗുരുതരമായ വിവരങ്ങള്‍ പുറത്ത് വന്നതോടെ ചെറുകിട ആശുപത്രികളിലും ക്ലിനിക്കുകളിലും പരിശോധന കർശനമാക്കാനാണ് ആരോഗ്യ വകുപ്പിന്‍റെ തീരുമാനം. ഇതിനായി നടപടികൾക്ക് ആരോഗ്യ വകുപ്പ് ശുപാർശ നൽകി. ആശുപത്രി പ്രവർത്തിക്കാനുള്ള അടിസ്ഥാന സൗകര്യം കെട്ടിടത്തിൽ ഇല്ലെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മുനിസിപ്പൽ കോർപ്പറേഷൻ ചട്ടങ്ങളും പാലിച്ചില്ല. റെസിഡൻഷ്യൽ ഫ്ലാറ്റാണ് ആശുപത്രിയാക്കി മാറ്റിയത്. ലൈസൻസ് മാർച്ച് 31 ന് അവസാനിച്ചതെന്നും പൊലീസ് കണ്ടെത്തി.

അതേസമയം, ഡൽഹിയില്‍ നവജാതശിശുക്കളുടെ ആശുപത്രിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ ഏഴ് കുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തിൽ ആശുപത്രി ഉടമ നവീൻ കിച്ചി അറസ്റ്റിലായിരുന്നു. ആശുപത്രിക്ക് തീപിടിച്ചതിന് പിന്നാലെ ഒളിവിൽ പോയ നവീൻ കിച്ചിയെ ഡൽഹി പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യ ഉള്‍പ്പെടെയുള്ള കുറ്റം ചുമത്തിയിരുന്നു.

തീപിടിത്തത്തില്‍ ഏഴ് കുഞ്ഞുങ്ങള്‍ മരിക്കുകയും അഞ്ച് കുഞ്ഞുങ്ങള്‍ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. വിവേക് വിഹാറില്‍ ചട്ടങ്ങള്‍ പാലിക്കാതെ രണ്ട് നിലകളിലായി പ്രവർത്തിച്ചിരുന്ന ആശുപത്രിയിലാണ് അപകടം ഉണ്ടായത്. ആശുപത്രിയുടെ താഴെ പ്രവർത്തിച്ചിരുന്നു ഓക്സിജന്‍ സിലണ്ടറിലുണ്ടായ പൊട്ടിത്തെറിക്ക് പിന്നാലെയാണ് തീപിടുത്തമുണ്ടായെതന്ന് പ്രദേശവാസികള്‍ പറഞ്ഞു.

രണ്ട് വലിയ കെട്ടിടങ്ങള്‍ക്കിടയിലുള്ള പരിമിതമായ സ്ഥലത്ത് തട്ടിക്കൂട്ടി ഉണ്ടാക്കിയ ആശുപത്രിയിലാണ് തീപിടുത്തം ഉണ്ടായത്. ആശുപത്രിയോട് ചേർന്നുള്ള കെട്ടിടങ്ങളും ഭാഗികമായി കത്തി നശിച്ചു. നവജാത ശിശുക്കളുടെ ആശുപത്രിക്കായുള്ള ചട്ടങ്ങളൊന്നും പാലിക്കാതെയായിരുന്നു ബേബികെയറിന്‍റെ പ്രവർത്തനം. മൂന്ന് നിലയുള്ള കെട്ടിടത്തിന്‍റെ ആദ്യ നില ഓക്സിജന്‍ സിലണ്ടറുകളുടെ ഗോഡൗണായിരുന്നു. ഇവിടെ അഞ്ച് തവണ സ്ഫോടനമുണ്ടായെന്ന് സമീപവാസികള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *