ഏറ്റുമാനൂരപ്പനെ തൊഴുതും വഴിപാടുകൾ അർപ്പിച്ചും സുരേഷ് ഗോപി; മാധ്യമങ്ങളോട് സംസാരിച്ചില്ല

തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനു തലേന്ന് ഏറ്റുമാനൂർ ക്ഷേത്രത്തിലെത്തി ഏറ്റുമാനൂരപ്പനെ തൊഴുതും വഴിപാടുകൾ അർപ്പിച്ചും നടനും തൃശൂരിലെ എൻഡിഎ സ്ഥാനാർഥിയുമായ സുരേഷ് ഗോപി. രാവിലെ ആറ് മണിയോടെ കുടുംബത്തോടൊപ്പം ക്ഷേത്രത്തിലെത്തിയ സുരേഷ് ഗോപി തുലാഭാരവും അപൂർവ വഴിപാടായ അഞ്ചു പറയും ഭഗവാനു സമർപ്പിച്ചു. ഭാര്യ രാധികയും മകൻ ഗോകുലും മറ്റ് ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു.

സുരേഷ് ഗോപിയുടെ നിർദേശത്തെ തുടർന്ന് ക്ഷേത്രത്തിനുള്ളിലെ ചടങ്ങുകളുടെ ചിത്രങ്ങൾ പകർത്തുന്നത് ദേവസ്വവും പൊലീസും വിലക്കി. ക്ഷേത്രാചാരങ്ങളെല്ലാം പാലിച്ചുകൊണ്ട് ക്യൂ നിന്നാണ് അദ്ദേഹം ദർശനം നടത്തിയത്.

രാവിലെ സുരേഷ് ഗോപി ക്ഷേത്രത്തിൽ എത്തുമെന്ന് മുൻകൂട്ടി അറിഞ്ഞ മാധ്യമ പ്രവർത്തകർ രാവിലെ മുതൽ ക്ഷേത്രപരിസരത്ത് നിലയുറപ്പിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ പ്രതികരണം തേടുകയായിരുന്നു ഉദ്ദേശ്യം. എന്നാൽ ക്ഷേത്രത്തിൽ എത്തിയതു മുതൽ തിരിച്ചു പോകുന്നത് വരെ മാധ്യമങ്ങളോട് അദ്ദേഹം സംസാരിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *