ഒമാനിൽ വാഹനങ്ങൾക്ക് തീപിടിക്കുന്ന സംഭവങ്ങൾ വർധിക്കുകയാണെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് ആതേറിറ്റിയുടെ കണക്കുകൾ. 2023ൽ രാജ്യത്താകമാനം 953 വാഹനങ്ങൾക്കാണ് തീപിടിച്ചത്. എന്നാൽ, മുൻവർഷം ഇതുമായി ബന്ധപ്പെട്ട് 917 കേസുകളായിരുന്നു റിപ്പോർട്ടു ചെയ്തത്. ടാങ്കിൽ നിന്നോ പൈപ്പിൽ നിന്നോ ഇന്ധനമോ എണ്ണ ചോർച്ചയോ കാരണമാണ് വാഹനത്തിന് തീപിടിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന്.
കാറ്റുകൂടിയതോ കുറഞ്ഞതോ ആയ ടയറുകൾ, ഇന്ധനം നിറക്കുമ്പോൾ സുരക്ഷ നടപടിക്രമങ്ങൾ പാലിക്കാത്തത്, പുകവലി, മൊബൈൽ ഫോൺ ഉപയോഗം, വ്യാജ സ്പെയർ പാർട്സുകളുടെ ഉപയോഗം, പ്രഫഷനൽ അല്ലാത്ത മെക്കാനിക്കിന്റെ വാഹന അറ്റകുറ്റപ്പണികൾ, കൂളന്റിലെ ജലനിരപ്പ് കുറഞ്ഞതിനാൽ ഉയർന്ന എലൻജിൻ താപനില, അധിക ഇലക്ട്രിക്കൽ ഉപകരണങ്ങളും കണക്ഷനുകളും ഇൻസ്റ്റാൾ ചെയ്യൽ എന്നിവയും തീപിടിത്തത്തിലേക്ക് നയിക്കുന്ന കാരണങ്ങളെന്ന് ചൂണ്ടികാണിക്കുന്നു.