വിസ, വർക്ക് പെർമിറ്റ് ഉൾപ്പെടെ എമിഗ്രേഷൻ രേഖകൾ അതിവേഗത്തിൽ ലഭ്യമാക്കാൻ യു.എ.ഇ മാനവവിഭവ ശേഷി, എമിറടൈസേഷൻ മന്ത്രാലയം പ്രഖ്യാപിച്ച ഏകജാലക പ്ലാറ്റ്ഫോമായ ‘വർക്ക് ബണ്ട്ൽ’ മുഴുവൻ എമിറേറ്റുകളിലേക്കും വ്യാപിപ്പിക്കുന്നു. പുതിയ പ്ലാറ്റ്ഫോമിലൂടെ രേഖകൾ അഞ്ചു ദിവസത്തിനകം ഉപഭോക്താവിന് ലഭ്യമാകും. നേരത്തെ 30 ദിവസമെടുത്തിരുന്ന നടപടിക്രമങ്ങളാണ് അഞ്ചു ദിവസമായി ചുരുങ്ങുക. രാജ്യത്തെ പ്രധാന സർക്കാർ മന്ത്രാലയങ്ങളേയും ഫെഡറൽ അതോറിറ്റികളേയും സംരംഭത്തിന്റെ ഭാഗമാക്കിയാണ് പുതിയ പ്ലാറ്റ്ഫോം പ്രവർത്തിക്കുന്നത്. സ്വകാര്യ കമ്പനികൾക്ക് പുതിയ തൊഴിലാളികളെ നിയമിക്കുന്നതിനും നിലവിലുള്ള തൊഴിലാളികളുടെ രേഖകൾ പുതുക്കുന്നതിനുമുള്ള നടപടികൾ ലഘൂകരിക്കാൻ ഇത് ഏറെ സഹായകരമായിരുന്നു.
പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ ഏകദേശം ആറ് ലക്ഷം കമ്പനികളും 70 ലക്ഷം തൊഴിലാളികളും ഉൾപ്പെടും. മൂന്നാംഘട്ടത്തിൽ ഗാർഹിക തൊഴിലാളികളെയും ഉൾപ്പെടുത്താനാണ് തീരുമാനം. workinuae.ae വെബ്സൈറ്റ് വഴി നിലവിൽ കമ്പനികൾക്കും തൊഴിലാളികൾക്കും വർക്ക് ബണ്ട്ൽ ഉപയോഗിക്കാം. വൈകാതെ മൊബൈൽ ആപ് പുറത്തിറക്കും. വിവിധ വകുപ്പുകൾ നൽകിയിരുന്ന എട്ട് സേവനങ്ങളെയാണ് ഒറ്റ പ്ലാറ്റ്ഫോമിന് കീഴിലേക്ക് കൊണ്ടുവരുന്നത്. ഇതോടെ രേഖകൾക്കായി നേരത്തെ ഏഴ് തവണ ഓഫിസ് സന്ദർശിച്ചിരുന്നത് ഇനി രണ്ട് തവണയായി ചുരുങ്ങും. 15 നടപടികളിലൂടെ പൂർത്തീകരിച്ച നടപടികൾ അഞ്ചായും കുറയും. കൂടാതെ 16 രേഖകൾ ഹാജരാക്കിയിരുന്ന സ്ഥാനത്ത് വെറും അഞ്ച് രേഖകൾ ഹാജരാക്കിയാൽ മതി. നടപടികളുടെ ഇരട്ടിപ്പും പുതിയ പ്ലാറ്റ്ഫോം വരുന്നതോടെ ഇല്ലാതാകും. ‘സീറോ ബ്യൂറോക്രസി’യുടെ ഭാഗമായി കഴിഞ്ഞ മാർച്ചിലാണ് ‘വർക്ക് ബണ്ട്ൽ’ദുബൈയിൽ നടപ്പാക്കിയത്.