മോദി റാലി നടത്തിയ മണ്ഡലങ്ങളിലൊക്കെ ബി.ജെ.പി തോറ്റു, ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞ് ശരത് പവാർ

2024 ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞ് എൻ.സി.പി നേതാവ് ശരത് പവാർ രം​ഗത്ത്. മഹാരാഷ്ട്രയിൽ മോദി എവിടെയൊക്കെയാണോ റോ‍ഡ് ഷോകളും റാലികളും നടത്തിയത് അവിടെയെല്ലാം മഹാ വികാസ് അഘാഡിക്ക് മികച്ച വിജയം ലഭിച്ചെന്നും പവാർ പറഞ്ഞു. ഇന്ന് മുംബൈയിൽ മഹാ വികാസ് അഘാഡിയുടെ നേതാക്കളായ ശരദ് പവാർ, ഉദ്ധവ് താക്കറെ, പൃഥ്വിരാജ് ചവാൻ എന്നിവർ നടത്തിയ സംയുക്ത പത്രസമ്മേളനത്തിനിടെയായിരുന്നു പവാറിന്റെ ഈ പരാമർശം.

“എവിടെയൊക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി റോഡ്ഷോയും റാലികളും നടത്തിയോ അവിടെയെല്ലാം ഞങ്ങൾ ജയിച്ചു. അതുകൊണ്ടാണ് പ്രധാനമന്ത്രിയോട് നന്ദി പറയണമെന്ന് കരതിയത്,“ എന്നാണ് പവാർ പറഞ്ഞത്.

ലോക്സഭ തെരഞ്ഞെടുപ്പിൽ ഒമ്പത് സീറ്റിൽ വിജയിക്കാൻ മാത്രമാണ് മഹാരാഷ്ട്രയിൽ ബി.ജെ.പിക്ക് സാധിച്ചത്. 2019ലെ തെരഞ്ഞെടുപ്പിൽ 23 സീറ്റുകളിൽ ബി.ജെ.പി വിജയിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമീഷന്റെ കണക്ക്പ്രകാരം നരേന്ദ്ര മോദി പ്രചാരണത്തിനെത്തിയ ഭൂരിപക്ഷം സീറ്റിലും ബി.ജെ.പിക്ക് വിജയിക്കാൻ സാധിച്ചിട്ടില്ല. 18ഓളം ലോക്സഭ മണ്ഡലങ്ങളിൽ മോദി റാലികളും മറ്റ് പരിപാടികളും സംഘടിപ്പിച്ചിരുന്നു. എന്നാൽ ഇതിൽ മൂന്നെണ്ണത്തിൽ മാത്രമാണ് ബി.ജെ.പിക്ക് വിജയിക്കാൻ സാധിച്ചത്. ബാക്കിയുള്ള 15 മണ്ഡലങ്ങളിലും പാർട്ടി തോറ്റു. മുംബൈയിൽ മാത്രം ആറ് ലോക്സഭ മണ്ഡലങ്ങളിലാണ് മോദി പ്രചാരണത്തിനെത്തിയത്. എന്നാൽ വിജയിച്ചതാകട്ടെ രണ്ട് സീറ്റുകളിൽ മാത്രം.

Leave a Reply

Your email address will not be published. Required fields are marked *