ബ്രിട്ടനിലെ ലോകപ്രശസ്ത സ്റ്റോണ്‍ഹെന്‍ജില്‍ സ്‌പ്രേ പെയിന്റടിച്ച് പരിസ്ഥിതി പ്രവർത്തകർ; സംഭവത്തെ അപലപിച്ച് ഋഷി സുനക്

ബ്രിട്ടനിലെ ലോകപ്രശസ്ത നിര്‍മിതിയായ സ്റ്റോണ്‍ഹെന്‍ജില്‍ സ്‌പ്രേ പെയിന്റ് ചെയ്തതിന് രണ്ടുപേരെ പോലീസ് പിടികൂടി. രണ്ട് പരിസ്ഥിതി പ്രവർത്തകരാണ് അറസ്റ്റിലായത്. പെട്രോളിയം, ഗ്യാസ് ഖനന ലൈസന്‍സ് നല്‍കുന്നതുമായി ബന്ധപ്പെട്ട ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടിയുടെ നിലപാടിനെതിരെയായിരുന്നു ഇവരുടെ പ്രതിഷേധം. ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം പൂര്‍ണമായി അവസാനിപ്പിക്കണം എന്ന ആവശ്യമുയര്‍ത്തി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ പ്രവര്‍ത്തകരാണ് ഇവര്‍. സ്റ്റോണ്‍ഹെന്‍ജിന് സമീപത്തായി നടന്ന ഇംഗ്ലീഷ് ഹെറിറ്റേജിന്റെ പരിപാടിക്കിടെയായിരുന്നു സംഭവം. ബ്രിട്ടന്റെ അഭിമാനമായ സ്റ്റോണ്‍ഹെന്‍ജിന് നേരെ നടന്ന ആക്രമണത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും ലേബര്‍ പാര്‍ട്ടിയും അപലപിച്ചു.

ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം സ്റ്റോണ്‍ഹെന്‍ജിന് നാശമുണ്ടാക്കിയിട്ടില്ലെന്നും ഈ പെയിന്റ് മഴയില്‍ ഒലിച്ചുപോകുന്നതാണെന്നും സംഘടന പ്രതിനിധികള്‍ പ്രതികരിച്ചു. ഭൂമിയിലെ ഏറ്റവും ദുരൂഹമായ ഇടങ്ങളിലൊന്നായാണ് യുനസ്‌കോയുടെ ലോകപൈതൃക പട്ടികയില്‍ ഇടംപിടിച്ച സ്റ്റോണ്‍ഹെന്‍ജ് അറിയപ്പെടുന്നത്. ലണ്ടന്‍ നഗരത്തില്‍ നിന്ന് 140 കിലോമീറ്റര്‍ അകലെയായി വില്‍റ്റ്ഷിര്‍ കൗണ്ടിയിലെ ഈംസ്‌ബെറിയിലാണ് ഈ സ്മാരകം നിലനില്‍ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *