സദ്യ കഴിക്കാറില്ല, പെങ്ങളുടെ കല്യാണത്തിന്റെ സദ്യപോലും ഞാൻ കഴിച്ചിട്ടില്ല; ഗോകുൽ സുരേഷ്

മലയാളികൾക്ക് ഏറെ പ്രതീക്ഷയുള്ള യുവനടനാണ് ഗോകുൽ സുരേഷ്. ഗഗനചാരിയാണ് ഏറ്റവും പുതിയ ഗോകുലിന്റെ സിനിമ. സയൻസ് ഫിക്ഷൻ, കോമഡി എന്നീ കാറ്റഗറിയിൽപ്പെടുത്താവുന്ന സിനിമയ്ക്ക് ഗംഭീര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.

അനാർക്കലി മരയ്ക്കാർ നായികയായ സിനിമയിലെ ഗോകുലിന്റെ പ്രകടനത്തിനും അഭിനന്ദനങ്ങൾ ലഭിക്കുന്നുണ്ട്. മറ്റ് യുവതാരങ്ങളെ അപേക്ഷിച്ച് വളരെ വ്യത്യസ്തമായ ചിന്താഗതിയാണ് ഗോകുലിന്റേത്. ഇപ്പോഴിതാ താൻ ജീവിതത്തിൽ തുടർന്നുകൊണ്ടുപോകുന്ന ചില രീതികളെ കുറിച്ച് താരം തുറന്ന് പറഞ്ഞതാണ് വൈറലാകുന്നത്. ഗഗനചാരിയുടെ പ്രമോഷന്റെ ഭാഗമായി ഗോകുൽ ജിഞ്ചർ മീഡിയ എന്റർടെയ്ൻമെന്റിന് നൽകിയ അഭിമുഖമാണ് വൈറലാകുന്നത്.

അച്ഛൻ സുരേഷ് ഗോപി ഗഗനചാരി കണ്ടശേഷം തന്നെ അഭിനന്ദിച്ചതിനെ കുറിച്ച് വെളിപ്പെടുത്തിയാണ് ഗോകുൽ സംസാരിച്ച് തുടങ്ങുന്നത്. അച്ഛൻ പടം കണ്ടിരുന്നു. ഫെസ്റ്റിവൽ ഔട്ടാണ് കണ്ടത്. അച്ഛന് നന്നായി ഇഷ്ടപ്പെട്ടു. ഗണേശൻ കലക്കിയെന്നാണ് പറഞ്ഞു. യു ആർ എ ഗുഡ് ആക്ടറെന്ന് എന്നോടും അച്ഛൻ പറഞ്ഞു. അതുപോലെ അച്ഛൻ തന്നിട്ടുള്ള ഒരേയൊരു ഉപദേശം പ്രൊഡക്ഷൻ ഫുഡ് കഴിച്ചാൽ തടിവെക്കുമെന്നത് മാത്രമാണ്.

ഒരു ഷോട്ടിന് എങ്ങനെ പ്രിപ്പയർ ചെയ്യണം, സ്‌ക്രിപ്റ്റ് കേൾക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം എന്നതിനെ കുറിച്ചൊക്കെയാകും അച്ഛൻ ഉപദേശം തരിക എന്നാണ് ഞാൻ കരുതിയിരുന്നത്. പക്ഷെ ഞാൻ കുറച്ച് തടിയുള്ള ആളായതുകൊണ്ടാകണം പ്രൊഡക്ഷൻ ഫുഡ് കഴിച്ചാൽ തടിവെക്കുമെന്ന് മാത്രം അച്ഛൻ പറഞ്ഞത്. പ്രൊഡക്ഷൻ ഫുഡിന് ഭയങ്കര ടേസ്റ്റാണ്.

ഗഗനചാരിയുടെ സമയത്ത് 103 കിലോയുണ്ടായിരുന്നു. ഫുഡ് ഞാൻ കളയാറില്ല. പരമാവധി കഴിക്കും. ഒട്ടും നിവർത്തിയില്ലെങ്കിലെ കളയൂവെന്ന് ഗോകുൽ പറയുന്നു. അച്ഛൻ സുരേഷ് ഗോപിയെ അമിതമായി സോഷ്യൽമീഡിയയിൽ ക്രൂശിക്കുന്നത് കാണുമ്പോൾ പലപ്പോഴും പ്രതികരിച്ചിട്ടുള്ളയാളാണ് ഗോകുൽ. നല്ലത് ചർച്ച ചെയ്യപ്പെടുന്നത് കുറവും ചീത്ത ചർച്ച ചെയ്യപ്പെടുന്നത് കൂടുതലുമാണ്. എന്റെ അച്ഛന്റെ കാര്യത്തിൽ മാത്രമല്ല ഇങ്ങനെ.

രണ്ട് പേർ പിന്നിലുണ്ടെങ്കിൽ എന്തും പറയാമെന്ന ധാരണ ചിലർക്കുണ്ട്. എന്റെ പിറകിൽ ആരും ഇല്ലെങ്കിലും ഞാൻ ഇങ്ങനെയൊക്കെ തന്നെയാവും റിയാക്ട് ചെയ്യുക. ആൾക്കാരുടെ മൈന്റ് സെറ്റ് നന്മയുടെ വശത്തേക്ക് തിരിഞ്ഞാൽ തന്നെ പല വിഷയങ്ങൾ ശരിയാകും. ഭക്ഷണം ഇല്ലായ്മയായാലും അച്ഛൻ അമ്മമാരെ വൃദ്ധസദനത്തിലാക്കുന്ന പ്രവണതയായാലും അങ്ങനെ ഒരുപാട് കാര്യങ്ങളിൽ മാറ്റമുണ്ടാകും.

നമുക്ക് അറിയാത്ത രാജ്യങ്ങളിൽ കുഞ്ഞുങ്ങൾ വെള്ളം കിട്ടാതെ മരിച്ചുപോകുന്നുണ്ട്. അത്തരമൊരു സാഹചര്യം ഉള്ളപ്പോഴാണ് നമ്മൾ ഭക്ഷണം വേസ്റ്റ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഞാൻ സദ്യ കഴിക്കാറില്ല. എന്റെ പെങ്ങളുടെ കല്യാണത്തിന്റെ സദ്യപോലും ഞാൻ കഴിച്ചിട്ടില്ല. എന്റെ പ്രിൻസിപ്പിൾ അല്ലെങ്കിൽ എന്റെയൊരു വട്ടാണ് എന്നൊക്കെ പറയാം.

എത്ര നല്ല സദ്യയാണെങ്കിലും കുറേ ഇലകളിൽ ഭക്ഷണം ബാക്കിയായി വേസ്റ്റായി ഇരിക്കുന്നത് കാണാം. ഫ്രണ്ട്‌സിന്റെ ഫാമിലിയിലെ വിവാഹങ്ങൾക്കൊക്കെ പോകുമ്പോൾ ബിരിയാണിയൊക്കെ ലോഡ് കണക്കിനാണ് കുഴിയിൽ കൊണ്ട് തട്ടുന്നത്. അത് കാണുമ്പോൾ എനിക്ക് വിഷമം വരും.

ആ കുഴിയിലേക്ക് കൂടെ എടുത്ത് ചാടാനൊക്കെ തോന്നും. നന്മയെന്ന് പറയുന്ന സാധനം ആളുകളുടെ ബേസിക്ക് നേച്ചറിൽ ഉണ്ടെങ്കിൽ തന്നെ ഒരുപാട് കാര്യങ്ങൾ മാറും. പ്രശ്‌നങ്ങൾ ഇല്ലാതാകും എന്നാണ് ഗോകുൽ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *