സൗദിയിൽ നാലോ അതിലധികമോ വീട്ടുജോലിക്കാരുള്ള ബിസിനസ് ഉടമകൾ ശമ്പളം പണമായി നൽകരുത് ; ഡിജിറ്റൽ വാലറ്റിൽ നൽകാൻ നിർദേശം

സൗദിയിൽ ഹൗസ് ഡ്രൈവർമാരുൾപ്പെടെ നാലോ അതിലധികമോ വീട്ടുജോലിക്കാരുള്ള ബിസിനസ്സ് ഉടമകൾ ശമ്പളം പണമായി കൈമാറരുതെന്ന് നിർദേശം. ഇത്തരക്കാർ തൊഴിലാളികളുടെ വേതനം പണമായി കൈമാറാൻ പാടില്ല. ശമ്പളമിടപാടുകൾ പൂർണമയും ജീവനക്കാരുടെ ഡിജിറ്റൽ വാലറ്റുകളിലേക്ക് മാറ്റണമെന്ന് ഗാർഹിക തൊഴിലാളി സേവന പ്ലാറ്റ്ഫോം ആയ ‘മുസാനെദ്’ അറിയിച്ചു. വീട്ടുജോലിക്കാരുടെ അംഗീകൃത ഡിജിറ്റൽ വാലറ്റുകളിലെ ശമ്പള ഐക്കൺ മുഖേനയാണ് കൈമാറ്റം നടത്തേണ്ടതെന്നും മുസാനെദ് വ്യക്തമാക്കി. 2025 ജനുവരി ഒന്ന്​ മുതൽ ഇത് പ്രാബല്യത്തിലാകും.

രാജ്യത്ത് പുതുതായി എത്തുന്ന വീട്ടുജോലിക്കാരുടെ ശമ്പളം ജൂലൈ ഒന്ന്​ മുതൽ ഡിജിറ്റൽ വാലറ്റുകളിലൂടെ മാത്രമേ നൽകാൻ പാടുള്ളൂവെന്ന് മുസാനെദ് പ്ലാറ്റ് ഫോം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അതിന് പിറകെയാണ് ഇപ്പോൾ ബിസിനസ് ഉടമകൾക്കുള്ള പുതിയ നിർദേശം വന്നിരിക്കുന്നത്.

ശമ്പളം പൂർണമായോ ഭാഗികമായോ മുൻകൂർ കൈമാറുക, വേതനത്തിൽ കുറവോ വർധനവോ വരുത്തുക തുടങ്ങിയ സേവനങ്ങളെല്ലാം ഡിജിറ്റൽ വാലറ്റിൽ ലഭ്യമാകും. വീട്ടുജോലിക്കാരുടെ തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുക, വേതനം വേഗത്തിലും വിശ്വസനീയമായും കൈമാറുക എന്നിവയാണ് പുതിയ മാറ്റത്തിലൂടെ മന്ത്രാലയം ലക്ഷ്യംവെക്കുന്നത്. ജീവനക്കാരുടെ ശമ്പളം നൽകാത്ത കേസുകളിലടക്കം ഇനി തെളിവായി ഡിജിറ്റൽ വാലറ്റിലെ രേഖകൾ ഉപയോഗിക്കും.

Leave a Reply

Your email address will not be published. Required fields are marked *