ചില്ലറയെച്ചൊല്ലി തർക്കം; കെഎസ്ആർടിസി കണ്ടക്ടറെ മർദിച്ച് യാത്രക്കാരൻ

ചില്ലറയെച്ചൊല്ലിയുള്ള തർക്കത്തിനൊടുവില്‍ കെ.എസ്.ആർ.ടി.സി. കണ്ടക്ടറെ മർദിച്ചു രക്ഷപ്പെടാൻ ശ്രമിച്ച യാത്രക്കാരനെ സഹയാത്രികർ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.

സംഭവത്തില്‍ എടത്വാ ഡിപ്പോയിലെ കണ്ടക്ടർ സജികുമാറിനു പരിക്കേറ്റു. യാത്രക്കാരനായ പള്ളാത്തുരുത്തി പുത്തൻചിറ പുത്തൻവീട്ടില്‍ മുഹമ്മദ് മുബിനെ (19) ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റുചെയ്തു.

വ്യാഴാഴ്ച രാവിലെ 9.10-ന് വലിയചുടുകാടിനു സമീപമാണു സംഭവം. ബസ് ആലപ്പുഴയില്‍നിന്നു കോട്ടയത്തേക്കു പോകുകയായിരുന്നു. യാത്ര തുടങ്ങുമ്ബോള്‍ യാത്രക്കാരൻ ഫോണില്‍ സംസാരിക്കുകയായിരുന്നു. ജനറല്‍ ആശുപത്രി ജങ്ഷനെത്തിയപ്പോള്‍ അടുത്ത സ്റ്റോപ്പില്‍ ഇറങ്ങണമെന്ന് ആവശ്യപ്പെട്ടു. ടിക്കറ്റിനായി 500 രൂപ നല്‍കി.

കണ്ടക്ടർ ചില്ലറ ആവശ്യപ്പെട്ടു. തുടർന്ന് തർക്കമായി. ഇതിനിടെ യാത്രക്കാരൻ 500 രൂപ തിരിച്ചുവാങ്ങി. സ്റ്റോപ്പ് എത്തിയപ്പോള്‍ ഇറങ്ങുംമുൻപ് കണ്ടക്ടറുടെ ടിക്കറ്റ് മെഷീൻ, പണസഞ്ചി എന്നിവ തട്ടിത്തെറിപ്പിച്ചു.

മെഷീൻ വീണു കേടുപറ്റി. കണ്ടക്ടർ ഇയാളെ തടഞ്ഞുവെച്ചു. തുടർന്ന് കണ്ടക്ടറെ ബസിന്റെ സീറ്റിലേക്കു തള്ളിയിട്ടു മർദിക്കുകയായിരുന്നു. ഇടതുകൈ കടിച്ചു മുറിക്കുകയും മുഖത്തും ദേഹത്തും തലയ്ക്കും അടിക്കുകയും ചെയ്തു. പിന്നീട്, ഇറങ്ങിയോടാൻ ശ്രമിച്ച ഇയാളെ കണ്ടക്ടർ മറ്റു യാത്രക്കാരുടെ സഹായത്തോടെ പിടികൂടി പുന്നപ്ര സ്റ്റേഷനില്‍ എത്തിച്ചു. 

സംഭവം നടന്നത് സൗത്ത് സ്റ്റേഷൻ പരിധിയിലായതിനാല്‍ സൗത്ത് സ്റ്റേഷനിലെത്തിച്ചു.കണ്ടക്ടർ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. തുടർന്ന് സൗത്ത് സ്റ്റേഷനില്‍ എത്തി മൊഴി നല്‍കി. ഇയാളെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *