‘കെഎസ്ഇബി ഫ്യൂസ് ഊരാൻ തുടങ്ങിയാൽ ഞങ്ങളും ഫ്യൂസ് ഊരും’ ; യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ

കെഎസ്ഇബി ഫ്യൂസ് ഊരാൻ തുടങ്ങിയാൽ ഞങ്ങളും ഫ്യൂസ് ഊരാൻ തുടങ്ങുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. കുടിശികയുള്ള വൻകിടക്കാരുടെ ഫ്യൂസ് ഊരുന്നില്ല. കെഎസ്ഇബി യുടെ നടപടിയെ മന്ത്രി ന്യായീകരിക്കുകയാണെന്ന് പറഞ്ഞ രാഹുൽ നിയമസഭ തല്ലിപ്പൊളിച്ച ശിവൻകുട്ടിക്കെതിരെ നടപടി എടുക്കുമോയെന്നും ചോദിച്ചു.

തിരുവമ്പാടിയിൽ വൈദ്യുതി വിച്ഛേദിച്ചതിനെ തുടർന്ന് പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് രാഹുലിന്റെ പ്രസ്താവന. അതേസമയം, തിരുവമ്പാടിയിൽ കെ.എസ്.ഇ.ബി. വൈദ്യുതി വിച്ഛേദിച്ചതുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമാക്കാനാണ് യൂത്ത് കോൺഗ്രസിന്റെ തീരുമാനം. ഇന്ന് തിരുവമ്പാടി കെ.എസ്.ഇ.ബി. ഓഫീസിലേക്ക് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ പോലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി.

കെ.എസ്.ഇ.ബി. ഓഫീസ് അക്രമിച്ച പ്രതിയും യൂത്ത് കോൺഗ്രസ് പ്രവർത്തകനുമായ അജ്‌മലിന്റെ പിതാവിന്റെ വീടിന് സമീപത്തു നിന്നാണ് യൂത്ത് കോൺഗ്രസ് റാന്തലുകളുമായി പ്രതിഷേധ മാർച്ച് ആരംഭിച്ചത്. കെഎസ്ഇബി ഓഫീസിന് മുന്നിൽ വൻ പൊലീസ് സന്നാഹമായിരുന്നു ഉണ്ടായിരുന്നത്. പ്രതിഷേധക്കാരെ പോലീസ് തടഞ്ഞതോടെ വാക്കേറ്റമുണ്ടാവുകയും സംഘർഷാവസ്ഥയിലേക്ക് പോവുകയുമായിരുന്നു.

ഇനി കെ.എസ്.ഇ.ബി. ഓഫീസോ ഉദ്യോഗസ്ഥരെയോ ആക്രമിക്കില്ലെന്ന് ഉറപ്പു നൽകിയാൽ വൈദ്യുതി പുനഃസ്ഥാപിക്കാമെന്ന് കെ.എസ്.ഇ.ബി. വ്യക്തമാക്കിയിട്ടുണ്ട്. കുടുംബത്തില്‍ നിന്ന് ഉറപ്പു വങ്ങാന്‍ ജില്ലാ കളക്ടർക്ക് കെ എസ് ഇ ബി ചെയർമാന്‍ നിർദേശം നൽകിയിരുന്നു. ഇതനുസരിച്ച് വൈദ്യുതി വിച്ഛേദിച്ചത് പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട സത്യവാങ്മൂലവുമായി തഹസിൽദാർ വീട്ടിലെത്തിയെങ്കിലും ഒപ്പിടാൻ കുടുംബം കൂട്ടാക്കിയില്ല.

ഇനി പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് സത്യവാങ്മൂലം നൽകണമെന്ന് തഹസിൽദാർ ആവശ്യപ്പെട്ടെങ്കിലും റസാഖ് വഴങ്ങിയില്ല. മക്കൾ ചെയ്ത അതിക്രമത്തിൽ ഖേദം പ്രകടിപ്പിക്കുന്നു എന്നും സത്യവാങ്മൂലത്തിലുണ്ട്. കോഴിക്കോട് കളക്ടർ ചുമതലപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് താമരശേരി തഹസിൽദാർ വീട്ടിലെത്തിയത്. ഇപ്പോഴും വീട്ടിൽ മെഴുകുതിരി കത്തിച്ചുവെച്ച് കുടുംബം പ്രതിഷേധിക്കുകയാണ്. വൈദ്യുതി പുനഃസ്ഥാപിച്ചില്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കാനാണ് യൂത്ത് കോൺഗ്രസിന്റെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *