‘അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുന്നതിന് കാരണം ഇതാണെന്ന്’ കരൺ ജോഹർ

ബോളിവുഡിലെ ഹിറ്റ് മേക്കറാണ് കരൺ ജോഹർ. 25 വർഷത്തിലേറെയായി സിനിമാ രംഗത്തുള്ള കരൺ ജോഹർ നിരവധി സൂപ്പർ ഹിറ്റുകൾ സമ്മാനിച്ചിട്ടുണ്ട്. എന്നാൽ സ്വന്തം ശരീരത്തിൻമേൽ തനിക്കുണ്ടായിരുന്ന അരക്ഷിതാവസ്ഥയെക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് കരൺ ജോഹർ ഇപ്പോൾ.

ബോഡി ഡിസ്മോർഫിയ എന്ന രോ​ഗാവസ്ഥ തനിക്കുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കരൺ ജോഹർ. ഇപ്പോഴും അയഞ്ഞ വസ്ത്രങ്ങൾ താൻ ധരിക്കുന്നത് അതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

“എനിക്ക് ബോഡി ഡിസ്മോർഫിയ ഉണ്ട്, അതിനാൽ ഒരു സ്വിമ്മിം​ഗ് പൂളിൽ ഇറങ്ങാൻ പോലും എനിക്ക് ബുദ്ധിമുട്ടാണ്. സ്വന്തം ശരീരത്തെ ദയനീയമായി നോക്കിക്കാണാതെ എങ്ങനെ മുന്നോട്ടുപോകുമെന്ന് എനിക്കറിയില്ല. ഈ ചിന്തയെ തരണം ചെയ്യാൻ ഞാൻ ഒരുപാട് പരിശ്രമിച്ചിട്ടുണ്ട്. എല്ലായ്പോഴും അയഞ്ഞ വസ്ത്രങ്ങൾ ഞാൻ ധരിക്കുന്നത് അതുകൊണ്ടാണ്. ശരീരഭാരം എത്ര കുറച്ചാലും, എന്റെ ആശങ്ക കുറയില്ല. കാരണം എനിക്ക് തടിയുണ്ടെന്ന തോന്നലാണ് എപ്പോഴും എന്നെ വേട്ടയാടുന്നത്. അതുകൊണ്ട് മറ്റുള്ളവർ എന്റെ ശരീരത്തിന്റെ ഒരു ഭാഗങ്ങളും കാണരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു ” ഇതായിരുന്നു കരൺ ജോഹർ പറഞ്ഞത്.

സ്വന്തം ശരീരത്തിൽ ആത്മവിശ്വാസമില്ലാതിരിക്കുകയും പുറംകാഴ്‌ച്ചയിലെ കുറവുകളെക്കുറിച്ച് ആശങ്കപ്പെടുകയും ചെയ്യുന്ന മാനസികാവസ്ഥയാണിത്. പലപ്പോഴും വ്യക്തിക്ക് തോന്നുന്ന ഈ കുറവുകൾ കാഴ്‌ച്ചക്കാരന് തോന്നണമെന്നില്ല. ഏതു പ്രായക്കാരിലും ഈ അവസ്ഥയുണ്ടാകും. എങ്കിലും കൗമാരക്കാരിലും യുവാക്കളിലുമാണ് കൂടുതൽ കാണപ്പെടാറുള്ളത്. സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ ബാധിക്കുന്ന അവസ്ഥയാണിത്.

തിരിച്ചറിയപ്പെടാതെ പോയാൽ ദൈനംദിന ജീവിതത്തെയും സാമൂഹിക ജീവിതത്തെയും ബന്ധങ്ങളെയും ജോലിയെയുമൊക്കെ വിപരീതമായി ബാധിക്കാവുന്ന അവസ്ഥയാണിത്. ലക്ഷണങ്ങൾ ജീവിതത്തെ ബാധിക്കും വിധം അസ്വസ്ഥമാവുകയാണെങ്കിൽ വിദ​ഗ്ധസഹായം തേടേണ്ടതും അനിവാര്യമാണ്. കോ​ഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി, ആന്റി ഡിപ്രസന്റുകൾ തുടങ്ങിയവയാണ് ചികിത്സയായി നൽകാറുള്ളത്.

ലക്ഷണങ്ങൾ

സ്വന്തം ശരീരത്തെക്കുറിച്ച് ലജ്ജയോ നാണക്കേടോ തോന്നുക.

ആവർത്തിച്ച് കണ്ണാടിയിൽ നോക്കുക.

അമിതമായ സ്വയം പരിചരണം.

മറ്റുള്ളവരുടെ ശരീരത്തോടെ സ്വന്തം ശരീരത്തെ താരതമ്യം ചെയ്യുക.

കോസ്മറ്റിക് സർജറികളെ അമിതമായി ആശ്രയിക്കുക.

ബോഡി ഡിസ്മോർഫിയയുടെ യഥാർഥ കാരണങ്ങൾ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും ചില അവസ്ഥകൾ അതിലേക്ക് നയിക്കാനിടയുണ്ട്.

ജനിതകപരമായ കാരണങ്ങളാണ് അവയിലാദ്യം. കുടുംബത്തിൽ ആർക്കെങ്കിലും ബോഡി ഡിസ്മോർഫിയ ഉണ്ടെങ്കിലോ ഒബ്സസീവ് കംപൽസീവ് ഡിസോർഡറോ വിഷാദരോ​ഗമോ ഉണ്ടെങ്കിലോ സാധ്യത കൂടുതലാണ്.

മസ്തിഷ്കത്തിലെ കെമിക്കൽ അസന്തുലിതാവസ്ഥ. കുട്ടിക്കാലത്ത് ഉണ്ടാകുന്ന മാനസികാഘാതങ്ങൾ. ബാല്യകാലത്തിൽ ശരീരത്തെക്കുറിച്ച് ക്രൂരമായി കളിയാക്കപ്പെടുകയും മറ്റും ചെയ്തിട്ടുണ്ടെങ്കിലും സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *