4200 കിലോമീറ്റർ താണ്ടി ശലഭങ്ങൾ; ആഫ്രിക്കയിൽ നിന്ന് തെക്കേ അമേരിക്കയിലേക്ക് ഒരു യാത്ര

അറ്റ്‌ലാന്റിക് സമുദ്രത്തിനു കുറുകെ 4200 കിലോമീറ്ററോളം ദൂരം പറന്ന് ചിത്രശലഭങ്ങൾ. ഒരു പൂവിൽ നിന്ന് മറ്റൊരു പൂവിലേക്ക് പാറിപറന്നു നടക്കുന്ന പൂമ്പാറ്റകൾ ഒരുപാ‌ട് ദൂരമൊന്നും പറക്കുമെന്ന് നമ്മൾ ചിന്തിക്കാറില്ല. എന്നാൽ ഈ ധാരണ തെറ്റാണെന്നു പറയുകയാണ് ഒരു കൂട്ടം ഗവേഷകർ. കിലോമീറ്ററുകൾ സഞ്ചരിക്കാനുള്ള ശേഷി പൂമ്പാറ്റകൾക്ക് ഉണ്ടത്രേ. വനേസ കാർഡുയി എന്ന ശാസ്ത്രനാമമുള്ള പെയിന്‌റഡ് ലേഡി ബട്ടർഫ്‌ളൈ എന്നയിനം പൂമ്പാറ്റയാണ് പറന്ന് കിലോമീറ്ററുകൾ താണ്ടുന്നവർ. 2013 ഒക്ടോബറിൽ തെക്കേ അമേരിക്കൻ രാജ്യമായ ഫ്രഞ്ച് ഗയാനയിലെ ബീച്ചിൽ ഇത്തരം ശലഭങ്ങളെ ഗവേഷകർ കണ്ടെത്തി. ബീച്ചിൽ ഇവ വിശ്രമിക്കുകയായിരുന്നു.

ഒരുപാട് സമയം തുടർച്ചയായി പറന്നതുകാരണം ഇവയുടെ ചിറകിൽ തകരാറുകളുമുണ്ടായിരുന്നു. എന്നാൽ ശാസ്ത്രജ്ഞരെ അതിശയപ്പെടുത്തിയ കാര്യം ഇതല്ല. പെയിന്റഡ് ലേഡി ശലഭങ്ങൾ തെക്കേ അമേരിക്കയിൽ അങ്ങനെ കാണപ്പെടുന്നവയല്ല. പിന്നെ ഇവ എങ്ങനെ വന്നു? എന്നാൽ പക്ഷികളിൽ ഉപയോഗിക്കുന്ന ട്രാക്കറുകൾ ഇവയിൽ ഉപയോ​ഗിക്കാൻ കഴിയില്ല. ഇവ വന്ന റൂട്ട് കണ്ടെത്തുകയും വേണം. അങ്ങനെ ഇതിനായി ജനിതകപഠനങ്ങൾ നടത്തി.

വടക്കേ അമേരിക്കയിൽ നിന്ന് വന്നെന്നു കരുതിയെങ്കിലും പഠനത്തിൽ ഇവ വന്നത് പടിഞ്ഞാറൻ ആഫ്രിക്കയിൽ നിന്നാണെന്ന് തെളിഞ്ഞു. എന്നു വച്ചാൽ 4200 കിലോമീറ്ററുകൾ അറ്റ്‌ലാന്‌റിക് സമുദ്രം താണ്ടിപ്പറന്ന്. എന്നാൽ എങ്ങനെ ഇത്രയും ചെറിയ ശലഭങ്ങൾ ഇത്രദൂരം താണ്ടി. അതിനും ശാസ്ത്രജ്ഞർ ഒരു സാധ്യത മുന്നോട്ടുവയ്ക്കുന്നു. അറ്റ്‌ലാന്‌റിക് സമുദ്രത്തിൽ വലിയ രീതിയിൽ വീശുന്ന കാറ്റിലേറിയാകാം ഇവ വന്നത്. കാറ്റിന്റെ വേഗം ഇത്രദൂരം താണ്ടാൻ ഇവയ്ക്ക് സഹായകമായി.

Leave a Reply

Your email address will not be published. Required fields are marked *